ADVERTISEMENT

ബെംഗളൂരു ∙ വേതന വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി ജീവനക്കാരുടെ സമരം 2 ദിവസം പിന്നിട്ടതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷമായി. നഗരമേഖലകളിൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും ഗ്രാമീണ മേഖലകളിൽ ബദൽ യാത്രാസൗകര്യം ലഭിക്കാതെ ജനങ്ങൾ വലഞ്ഞു. ഉഗാദി ആഘോഷത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ തിരക്ക് കൂടുന്നതോടെ കൂടുതൽ സ്വകാര്യ ബസ് സർവീസുകൾക്ക് അനുമതി നൽകുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. നഗരത്തിൽ മജസ്റ്റിക് ഉൾപ്പെടെയുള്ള കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ നിന്ന് 2 ദിവസങ്ങളിലായി 1500 സ്വകാര്യ ബസുകൾ സർവീസ് നടത്തി.

സ്പെഷൽ ട്രെയിനുകൾ 14 വരെ നീട്ടി

ബസ് പണിമുടക്കും ഉഗാദി തിരക്കും പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ 14 വരെ കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. യശ്വന്ത്പുര-ബെളഗാവി, യശ്വന്ത്പുര-വിജയാപുര, ഹുബ്ബള്ളി-വിജയാപുര, യശ്വന്ത്പുര-ബീദർ, മൈസൂരു-ബീദർ, കെഎസ്ആർ ബെംഗളൂരു-മൈസൂരു, മൈസൂരു-യശ്വന്ത്പുര, യശ്വന്ത്പുര-ശിവമൊഗ്ഗ ടൗൺ, യശ്വന്ത്പുര-കാർവാർ എന്നിവിടങ്ങളിലേക്ക് 18 ട്രെയിനുകളാണ് സർവീസ് നടത്തുക.

ആശ്വാസമായി ഷെയർ ടാക്സി സംവിധാനം

നഗരത്തിൽ ബിഎംടിസി സർവീസുകൾ പൂർണമായി നിലച്ചതോടെ യാത്രക്കാർക്ക് ആശ്വാസമായി ഷെയർ ടാക്സി സംവിധാനം. വെബ്ടാക്സി കമ്പനികളായ ഓലയും ഊബറുമാണ് കൂടുതൽ ഷെയർ ടാക്സികൾ നിരത്തിലിറക്കിയത്. ബസ് ടെർമിനലുകൾ കേന്ദ്രീകരിച്ച് കൂടുതൽ ഷെയർ ടാക്സികൾ എത്തിയതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും ഗുണകരമായി. വിമാനത്താവളത്തിലേക്കുള്ള ബിഎംടിസിയുടെ വായുവജ്ര സർവീസുകൾ പൂർണമായി നിലച്ചതോടെ വെബ് ടാക്സികളെയും സ്വകാര്യ വാഹനങ്ങളെയുമാണ് കൂടുതൽ പേർ ആശ്രയിച്ചത്.

കൊള്ളനിരക്ക് തടയാൻ പരിശോധന

സമരം മുതലെടുത്ത് സ്വകാര്യ ബസുകൾ കൊള്ളനിരക്ക് ഈടാക്കുന്നത് തടയാൻ ഗതാഗതവകുപ്പിന്റെ പരിശോധന. മജസ്റ്റിക്, യശ്വന്ത്പുര, സാറ്റലൈറ്റ്, കലാശിപാളയം, എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 25 കിലോമീറ്റർ ദൂരത്തിന് 200 രൂപവരെ ബസുകൾ ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ജോലിക്ക് വരാത്തവർക്ക് നോട്ടിസ്

ജോലിക്ക് ഹാജരാകാത്ത ട്രെയിനി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി ട്രാൻസ്പോർട്ട് കോർപറേഷനുകൾ. 1500 ട്രെയിനികൾക്കാണ് ബിഎംടിസി നോട്ടിസ് നൽകിയത്. ഡ്രൈവർ, കണ്ടക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കാണിത്. ചുരുക്കം ട്രെയിനി ജീവനക്കാർ ഹാജരായതോടെ ഇന്നലെ ബിഎംടിസി മജസ്റ്റിക്കിൽ പൊലീസ് അകമ്പടിയോടെ ചില സർവീസുകൾ നടത്തി.

സിദ്ധരാമയ്യ (പ്രതിപക്ഷ നേതാവ്)
ജനങ്ങൾ വലയുമ്പോഴും സമരക്കാരുമായി ചർച്ചയില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. സർക്കാരിന്റെ പിടിപ്പുകേടാണ് പ്രശ്നം രൂക്ഷമാക്കിയത്. പൊതുഗതാഗത മേഖലയെ പൂർണമായും തകർത്ത് സ്വകാര്യ മേഖലയ്ക്ക് അവസരം ഒരുക്കാനാണ് നീക്കം. പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരം ഉണ്ടായിട്ടും ഇതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ല.

കെ.എസ് ഈശ്വരപ്പ (ഗ്രാമ വികസന മന്ത്രി)
ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയത്. കർഷക നേതാവ് കോടിഗേഹള്ളി ചന്ദ്രശേഖർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാണ് ബസ് ജീവനക്കാരുടെ സമരത്തിന് നേതൃത്വം നൽകുന്നത്. പ്രതിപക്ഷത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് സമരം ആസൂത്രണം ചെയ്തത്. ജീവനക്കാർ സമരം പിൻവലിച്ചാൽ ചർച്ചയ്ക്ക് സർക്കാർ തയാറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com