ADVERTISEMENT

എല്ലാ ദിവസവും വനിതകളുടേതാണെന്ന ഓർമപ്പെടുത്തലാണ് ഓരോ വനിതാദിനവും. സഹജീവിയെന്ന സാമാന്യ പരിഗണനയ്ക്കായി കാത്തുനിൽക്കേണ്ടവരല്ല സ്ത്രീകൾ. കഴിവുകൾക്കുള്ള അംഗീകാരവും, വ്യക്തിയെന്ന നിലയ്ക്കുള്ള മാന്യതയും, തുല്യ പരിഗണനയും ചോദിച്ചു വാങ്ങേണ്ട സാഹചര്യം മാറണം. 

വേർതിരിവുകളില്ലാത്ത ലോകം പുലരണം: ഡോ.അലീന മറിയം മാത്യു (പൾമണോളജിസ്റ്റ്, രാജരാജേശ്വരി മെഡിക്കൽ കോളജ്)

"ആണ്ണിനൊപ്പമോ അതിനുപരിയോ പരിഗണന ലഭിക്കുന്ന തലത്തിലേക്ക് പെണ്ണ് വളർന്നിരിക്കുന്നു. കുടുംബവും സമൂഹവും കാഴ്ചപ്പാടുകളും കൂടിയാണ് ഇതിനൊപ്പം വളരുന്നത്. പുതിയ കാലത്തെ പെൺകുട്ടി കുടുംബത്തിന്റെ അഭിമാനമാണ്. മാറ്റിനിർത്താനാകില്ലെന്ന വീറുറ്റൊരു പ്രഖ്യാപനം കൂടിയാണ്, വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ അവളുടെ മുന്നേറ്റം. വായ മൂടികെട്ടി വളരാൻ പ്രേരിപ്പിച്ച കാലം പിന്നിട്ട്, പ്രതികരണ ശേഷിയുള്ള വ്യക്തിയായി അവൾ വളർത്തിയിരിക്കുന്നു. പെണ്ണിനെ വൈകാരികമായും ശക്തരാക്കാൻ സമൂഹത്തിന് കടമയുണ്ട്." 

സഹജീവിയെന്ന ബോധ്യമുണ്ടാകണം: ടി.ഒ.രജിത (ഹൈക്കോടതി അഭിഭാഷക)

"വനിതാ ശാക്തീകരണത്തെ കുറിച്ച് പരക്കെ ചർച്ചയും സിംപോസിയവും ഒക്കെ  നടത്തുമ്പോൾ, യഥാർഥത്തിൽ തുല്യ പരിഗണന നൽകാൻ പുരുഷൻ തയാറാകുന്നുണ്ടോ? കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിശോധിച്ചാൽ, എത്ര സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നുണ്ടെന്ന് മനസ്സിലാകും. രാഷ്ട്രീയമെന്നല്ല, സമസ്ത മേഖലയിലും പരിഗണനയ്ക്കായി സ്ത്രീ പോരാടേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതിനു മാറ്റമുണ്ടാകണം.

മെട്രോ നഗരമായ ബെംഗളൂരുവിൽ പോലും രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റയ്ക്കു നടക്കാനാകുന്ന സാഹചര്യമുണ്ടോ?  സമാനരെന്ന ബോധ്യത്തിൽ നിന്നു വേണം ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം ഉരുത്തിരിയാൻ. സ്ത്രീയെ സംരക്ഷിക്കാൻ ചുമതലയുള്ളവരെന്ന പഴഞ്ചൻ ബോധ്യങ്ങളിൽ നിന്നു പുരുഷൻ പുറത്തുകടക്കണം. സിനിമയെയും സാഹിത്യത്തെയുമൊക്കെ പുരുഷ കേന്ദ്രീകൃത ചിന്തകളാണ് ഇന്നും ഭരിക്കുന്നത്. ഇതു മാറണം." 

അവൾ ചിരിച്ചാൽ പ്രകാശം പടരും: മഞ്ജു സിമാനി (കൊക്കോട്രീ കമ്യൂണിക്കേഷൻസ് സഹസ്ഥാപക)

"പഠനം, ജോലി എന്നിവയൊക്കെ പെണ്ണിനെ കല്യാണം കഴിപ്പിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് പോയകാലം പരിഗണിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഈ കാഴ്ചപ്പാടു മാറി. പഠനം, ജോലി, കുടുംബം എന്നിവയെ കുറിച്ചൊക്കെ വ്യക്തമായ ആശയമുള്ള സ്ത്രീ, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾക്ക് മുൻതൂക്കം നൽകിയതോടെ അവളുടെ പ്രതിഛായ മാറി. ഈ മാറ്റത്തിനെ സമൂഹം അംഗീകരിച്ചു തുടങ്ങി. 

ഇതു വലിയ പ്രതീക്ഷയാണു നൽകുന്നത്. കോർപറേറ്റ്, സംരംഭക മേഖലകളെ നയിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കിടയിലുണ്ട്. വീട്ടിലെ പുരുഷന്മാരോടു പരാതി പറയാനും പരിഹാരം തേടാനും കാത്തുനിൽക്കുന്ന പെൺകുട്ടികളുടെ കാലം മാറി. ഇന്ന് സമൂഹത്തോട് എന്ത് അനീതിയും വിളിച്ചുപറയാനും സ്വന്തം നിലയ്ക്ക് പരിഹാരം തേടാനും അവൾക്കാകും. വീട്ടിലായാലും തൊഴിലിടങ്ങളിലായാലും അവളുടെ ചിരിക്കുന്ന മുഖം സമൂഹത്തിന് വെളിച്ചം പകരും."

വനിതാദിനാഘോഷങ്ങൾ

ബെംഗളൂരു ∙ ബാംഗ്ലൂർ കേരളസമാജം സംഘടിപ്പിച്ച വനിതാദിനാഘോഷവും തിരുവാതിര മത്സരവും നർത്തകിയും ചലച്ചിത്ര നടിയുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപഴ്സൻ കെ.റോസി അധ്യക്ഷത വഹിച്ചു. തിരുവാതിരയിൽ  ഉദയനഗറിലെ ദിവ്യ ശ്രീനാഥും സംഘവും ജേതാക്കളായി. 15,000 രൂപയും എവർറോളിങ് ട്രോഫിയും സമ്മാനിച്ചു. അനിത ദീപേഷും സംഘവും (എച്ച്എഎൽ) രണ്ടാംസ്ഥാനവും സർജാപുരയിലെ കീർത്തി പ്രമോദും സംഘവും മൂന്നാം സ്ഥാനവും നേടി. രാധ രാജഗോപാൽ, ശോഭന ചോലയിൽ, ലൈല രാമചന്ദ്രൻ, ദിവ്യ മുരളി, സീന മനോജ്, ഷൈമ രമേശ്, അമൃത സുരേഷ് എന്നിവർ നേതൃത്വം നൽകി. 

∙ കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം മഹിളാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി  ഡിജിറ്റൽ കയ്യെഴുത്ത് മാസികയുടെ പ്രകാശനം നടത്തി. പ്രസിഡന്റ് അരുണ രാജേഷ്, പുഷ്പ വിജയ്, ജലജ വിജയകുമാർ, സനൽ കെ.നായർ എന്നിവർ പങ്കെടുത്തു. 

∙ മലയാളി ഫാമിലി അസോസിയേഷൻ ഡൊംലൂരിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം നടത്തി. മോഗൻ രാജ് അധ്യക്ഷത വഹിച്ചു. കെ.വി വിജയകുമാർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com