ADVERTISEMENT

ബെംഗളൂരു ∙ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി  21,091 കോടി രൂപയുടെ പെരിഫറൽ റിങ് റോഡ് ( പിആർആർ) പദ്ധതിക്കായുള്ള ടെൻഡർ നടപടി ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) നീട്ടിവച്ചു. നഗരപ്രാന്തങ്ങളിലൂടെയുള്ള തുമക്കൂരു റോഡിനെയും ഹൊസൂർ റെഡിനെയും ബന്ധിപ്പിക്കുന്ന 74 കിലോമീറ്റർ 8 വരിപ്പാത പൊതു– സ്വകാര്യ പങ്കാളിത്തത്തിൽ നിർമിക്കുന്നതിനായി മാർച്ച് 31ന് ബിഡിഎ ടെൻഡർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മേയ് 18ന് നടപടി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 

എന്നാൽ ടെൻഡറുമായി ബന്ധപ്പെട്ട രേഖകൾ ഇ–പ്രൊക്യൂർമെന്റ് സൈറ്റിൽ അപ്‍ലോഡ് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് നടപടി നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുമതി നൽകിയാലേ ഇതു സാധ്യമാകൂ എന്ന് ബിഡിഎ ചെയർമാൻ എസ്.ആർ വിശ്വനാഥ് എംഎൽഎ പറഞ്ഞു. വെറും സാങ്കേതിക നടപടിക്രമം മാത്രമാണിതെന്നും അധികം വൈകാതെ ടെൻഡർ ക്ഷണിക്കാനാകുമെന്നും അദ്ദേഹം  പറഞ്ഞു.

സ്വകാര്യ പങ്കാളികളുമായി വരുമാനം പങ്കിടൽ സംബന്ധിച്ചുള്ള വ്യവസ്ഥകളിൽ സർക്കാർ തീരുമാനം വൈകുന്നതാണ് ടെൻഡർ വൈകുന്നതിനു പിന്നിലെന്നും സൂചനയുണ്ട്.  30– 50 വർഷം വരെ ടോൾ പിരിക്കാനുള്ള അവസരമാകും കരാർ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നാണു സൂചന.

നഗരത്തിനുള്ളിലൂടെയുള്ള ഒൗട്ടർ റിങ് റോഡിലെ വാഹനത്തിരക്കിനു പരിഹാരമായാണ് ബെള്ളാരി റോഡ്, സർജാപുര റോഡ്, ഓൾഡ് മദ്രാസ് റോഡ് തുടങ്ങിയവയെ ലംബമായി കടന്നു പോകുന്ന രീതിയിൽ തുമക്കൂരു റോഡിനെയും ഹൊസൂർ റോഡിനെയും കൂട്ടിയിണക്കി  പെരിഫറൽ റിങ് റോഡ് 2007ൽ ആസൂത്രണം ചെയ്തത്.

 

നഷ്ടപരിഹാരം നിശ്ചയിച്ചില്ല

ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുകയും നിശ്ചയിക്കേണ്ടതുണ്ട്. സ്വകാര്യ പങ്കാളികൾ ഇതു വഹിക്കേണ്ടി വരും. 

അതതിടത്തെ ഭൂമിയുടെ ഗൈഡൻസ് മൂല്യം കൂടി പരിഗണിച്ചാകും നഷ്ടപരിഹാരം. ഇതിനു മാത്രം 5000 കോടി രൂപ വേണ്ടി വരുമെന്നാണ് നിലവിലെ വിലയിരുത്തൽ. 

1810 ഏക്കർ ഭൂമിയാണ് 2007ൽ വിജ്ഞാപനം ചെയ്തിരുന്നത്. 

പിന്നീട് സീഗെഹള്ളിയിലും മറ്റും റോഡിന്റെ അലൈൻമെന്റ് മാറ്റേണ്ടി വന്നതിനാൽ 750 ഏക്കർ ഭൂമി കൂടി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായുള്ള വിജ്ഞാപനവും ഉടൻ പുറപ്പെടുവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com