ADVERTISEMENT

ബെംഗളൂരു∙ വെള്ളക്കെട്ട് പ്രശ്നത്തിനു പരിഹാരവുമായി കഴിഞ്ഞ 15 ദിവസത്തിനിടെ അനധികൃത നിർമാണങ്ങൾ ഇടിച്ചു നിരത്തി മഴവെള്ളക്കനാലുകൾ തെളിച്ചത് 5000 മീറ്റർ. വെള്ളപ്പൊക്കം രൂക്ഷമായ മഹാദേവപുര സോണിലെ പനതുർ, ഹോഡി, ദൊണ്ഡനകുണ്ഡി, വരതുർ, കുണ്ഡലഹള്ളി, മുന്നേകോലാല, കസവനഹള്ളി എന്നിവിടങ്ങളിൽ കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ചു. 

ബൊമ്മനഹള്ളി സോണിൽ അനധികൃതമായി നിർമിച്ച ജനപ്രിയ ലേക് വ്യൂ അപ്പാർട്മെന്റിന്റെ ചുറ്റുമതിൽ ബിബിഎംപി ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തി. ഇവിടെ കനാൽ കയ്യേറി നിർമിച്ച സ്വകാര്യ റോഡ് പൊളിക്കുന്ന നടപടികൾ തുടരുകയാണ്. ദാസറഹള്ളി, യെലഹങ്ക സോണുകളിലും കയ്യേറ്റം ഒഴിപ്പിക്കൽ പുരോഗമിക്കുകയാണ്.

 കയ്യേറ്റങ്ങൾ ഒഴിപ്പിച്ച സ്ഥലങ്ങളിൽ മഴവെള്ളക്കനാലുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കും ഉദ്യോഗസ്ഥർ തുടക്കം കുറിച്ചിട്ടുണ്ട്. ബിബിഎംപി പരിധിയിലെ 8 സോണുകളിലായി 2626 അനധികൃത കയ്യേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ രണ്ടായിരത്തിലേറെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്. 52 കയ്യേറ്റങ്ങളിൽ ഉടമസ്ഥർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.

തടാക കയ്യേറ്റവും ഒഴിപ്പിക്കും

മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെ തടാകങ്ങൾ കയ്യേറിയവരെ കണ്ടെത്താനുള്ള ശ്രമം അധികൃതർ ആരംഭിച്ചു. ഇതിനായി വിദഗ്ധസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. 23 തടാകങ്ങളിലെ കയ്യേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളും സർക്കാർ ഏജൻസികളും കയ്യേറ്റം നടത്തിയവരിൽ ഉൾപ്പെടുന്നു. കയ്യേറ്റങ്ങളെ തുടർന്ന് നഗരങ്ങളിലെ 42 തടാകങ്ങൾ എന്നെന്നേക്കുമായി നശിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു.

ലോകായുക്ത അന്വേഷണം വേണ്ട: കോടതി

ബാഗ്‌മനെ ടെക്പാർക്കിനുള്ളിലെ അനധികൃത നിർമാണങ്ങൾ ഇടിച്ചു നിരത്തിയ ബിബിഎംപിക്ക് എതിരെ ലോകായുക്ത പൊലീസ് നടത്തുന്ന അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. നടപടി ചോദ്യം ചെയ്ത് സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി. ലോകായുക്തയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതാണു നടപടിയെന്നു പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായി ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം തേടി സംസ്ഥാന സർക്കാരിനും ബാഗ്‌്മനെ കമ്പനിക്കും കോടതി നോട്ടിസ് അയച്ചു.

ഒഴിപ്പിക്കൽ വേഗത്തിൽ

മഹാദേവപുരസോണിൽ നടത്തിയ പുതിയ സർവേയിൽ കൂടുതൽ മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടൻ പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

ബസവരാജ് കബഡെ, (ബിബിഎംപി ചീഫ് എൻജിനീയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com