ADVERTISEMENT

ബെംഗളൂരു∙ 2 കിലോമീറ്റർ താഴെയുള്ള ദൂരത്തിനു പോലും വെബ് ഓട്ടോ സർവീസുകൾ മിനിമം ചാർജായി 100 രൂപ ഈടാക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്ന് സേവനദാതാക്കളോട് 3 ദിവസത്തിനകം സർവീസ് നിർത്താൻ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. നഗരത്തിൽ ഓല, ഊബർ, റാപ്പിഡോ ആപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എഎൻഐ ടെക്നോളജീസ് എന്ന കമ്പനിക്കാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ടി.എച്ച്.എം.കുമാർ ഇതു സംബന്ധിച്ച നോട്ടിസ് നൽകിയത്.‌

നഗരപരിധിയിൽ 2 കിലോമീറ്റർ സഞ്ചരിക്കാൻ ഓട്ടോയ്ക്കു 30 രൂപയാണ് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ എന്ന നിരക്കിലാണ് ഈടാക്കേണ്ടത്. എന്നാൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ കമ്പനികൾ അധിക നിരക്ക് ഈടാക്കുകയാണ്. ഡ്രൈവർമാരുടെ അറിവ് ഇല്ലാതെയാണ് കമ്പനികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

സർക്കാർ നിശ്ചയിച്ച ഏകീകൃത നിരക്ക് നിലവിൽ ഉണ്ടെന്നിരിക്കെ ഒരേ ദൂരത്തേക്ക് വ്യത്യസ്ത നിരക്കാണ് ഓരോ സേവനദാതാക്കളും ഈടാക്കുന്നത്. വെയ്റ്റിങ് ചാർജ്, സർവീസ് ചാർജ് എന്നീ പേരുകളിൽ അധിക നിരക്കുകൾ ഈടാക്കുന്നതായും പരാതിയുണ്ട്. ടാക്സി സർവീസുകൾ നടത്താനുള്ള ലൈസൻസാണു കമ്പനിക്കു നൽകിയിരിക്കുന്നതെന്നും ഇതു ലംഘിച്ചാണ് നിലവിൽ സർവീസ് നടത്തുന്നതെന്നും നോട്ടിസിൽ പറയുന്നു. ആപ്പിലെ സർവീസുകൾ റദ്ദാക്കി 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നേരത്തേ വിമാനത്താവളത്തിലേക്കുള്ള വെബ് ടാക്സികൾ അമിത കൂലി ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അധികൃതർ പിഴ ചുമത്തിയിരുന്നു. 

പരാതി നൽകി തേജസ്വി സൂര്യ എംപി

ഓട്ടോകളുടെ കൊള്ള നിരക്കിനെക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിക്കു കൈമാറി യുവമോർച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. സർക്കാർ നിഷ്കർഷിക്കുന്ന നിരക്കിനേക്കാൾ മൂന്നിരട്ടി തുകയാണ് പലപ്പോഴും കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും തേജസ്വി ആവശ്യപ്പെട്ടു. കിലോമീറ്ററിനു 15 രൂപ എന്ന നിരക്കിൽ വേണം ഓട്ടോകൾ സർവീസ് നടത്താൻ. കാത്തുനിൽക്കുന്ന സമയം 15 മിനിറ്റിൽ കൂടുതൽ നീണ്ടാൽ മാത്രമേ അധിക നിരക്കാൻ ഈടാക്കാൻ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഒരേ റൂട്ടിൽ പല നിരക്ക്:അമേലന്ദു, കർമേൽറാം

"ഒരേ റൂട്ടിൽ പല സമയത്തും പല നിരക്കിലാണ് ആപ്പുകൾ പണം ഈടാക്കുന്നത്. വണ്ടി എത്താൻ കാലതാമസവും പതിവാണ്. യാത്രാ ദുരിതം മറികടക്കാൻ സുതാര്യമായ സംവിധാനങ്ങൾ ആവശ്യമാണ്."

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com