ADVERTISEMENT

ബെംഗളൂരു∙ യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ നവീകരണത്തിൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂട്ടില്ലെന്ന അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് 380 കോടിരൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനായ യശ്വന്ത്പുരയിൽ നിലവിൽ 6 പ്ലാറ്റ്ഫോമുകളാണുള്ളത്. 

പ്രതിദിനം 1 ലക്ഷം പേർ ആശ്രയിക്കുന്ന സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടണം. ട്രെയിനുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് അത്യാവശ്യവുമാണ്. കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കാനുള്ള സ്ഥലം സ്റ്റേഷനിലുണ്ടെന്നും യാത്രക്കാർ പറയുന്നു. സൗന്ദര്യവൽക്കരണത്തിനായി കോടികൾ ചെലവാക്കാതെ യാത്രക്കാരുടെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് മുൻതൂക്കം നൽകണമെന്നാണ് ആവശ്യം. 2025ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം, ഫുഡ് പ്ലാസ, പുതിയ പ്രവേശന കവാടം, മെട്രോ സ്റ്റേഷനിലേക്കുള്ള കാൽനട മേൽപാലം എന്നിവയാണു നിർമിക്കുന്നത്. 

ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം

പ്ലാറ്റ്ഫോമുകളിലെ തിരക്കിൽ ട്രെയിൻ കണ്ടുപിടിക്കാനും മറ്റും പ്രയാസമുണ്ടാകുന്നുണ്ട്. ലഗേജുമായി യാത്ര ചെയ്യുമ്പോഴാണ് ഇതു കൂടുതലായി ബാധിക്കുക. പ്ലാറ്റ്ഫോമുകളുടെ എണ്ണം വർധിപ്പിക്കുന്നത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും. ഇരിപ്പിടങ്ങളുടെ എണ്ണവും വർധിപ്പിക്കേണ്ടതുണ്ട്.- പി.രാധാകൃഷ്ണൻ, ഗോരഗുണ്ഡപാളയ

ബിഎംടിസി ബസുകൾക്കായി ബസ്ബേ നിർമിക്കും

നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ബിഎംടിസി ബസുകൾ നിർത്തിയിടാൻ കൂടുതൽ ബസ്ബേകൾ നിർമിക്കാൻ ട്രാഫിക് പൊലീസ്. ഗതാഗതത്തെ ബാധിക്കാതെ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള ബസ്ബേ സംവിധാനം നഗര വ്യാപകമായി നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

തോന്നിയ സ്ഥലത്ത് ബസ് നിർത്തുന്ന നിലവിലെ സ്ഥിതി മാറ്റി ഇതിനായി പ്രത്യേക സ്ഥലം ക്രമീകരിക്കുകയാണു ചെയ്യുക. ഇതിനായി ബിബിഎംപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്ന രീതിയിൽ ബസ് ഓടിക്കുന്നതിനെക്കുറിച്ച് ഡ്രൈവർമാർക്കു ബോധവൽക്കരണം നൽകാനും ട്രാഫിക് പൊലീസ് പദ്ധതിയിടുന്നു. നേരത്തേ സ്റ്റോപ്പുകളിൽ അല്ലാതെ ബസ് നിർത്തരുതെന്നും ട്രാഫിക് സിഗ്നലുകളിൽ യാത്രക്കാരെ ഇറക്കരുതെന്നും അടക്കമുള്ള നിർദേശങ്ങൾ ട്രാഫിക് പൊലീസ് നൽകിയിരുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com