ADVERTISEMENT

ബെംഗളൂരു ∙ കർണാടകയുടെ എതിർപ്പിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശനം മാറ്റിവച്ചെങ്കിലും, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം രൂക്ഷമായ ബെളഗാവിയിൽ സംഘർഷാവസ്ഥ തുടരുന്നു. ധാർവാഡിൽ നിന്നു നൂറിലധികം വാഹനങ്ങളിലായി എത്തിയ കന്നഡ അനുകൂലികൾ  ബെളഗാവിയിൽ പ്രവേശിക്കുന്നത് ഹിരേബാഗേവാഡി ടോൾ ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് ദേശീയ പാതയിൽ മഹാരാഷ്ട്ര റജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞ പ്രതിഷേധക്കാർ കല്ലേറു നടത്തി. ട്രക്കുകളുടെ നമ്പർ പ്ലേറ്റുകളിൽ കരിഓയിൽ ഒഴിച്ചു. പ്രകടനം അക്രമാസക്തമായതിനെ തുടർന്ന് 400 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

അറസ്റ്റിനെ അപലപിച്ച കന്നഡ രക്ഷണ വേദികെ പ്രസിഡന്റ് ടി.എ നാരായണ ഗൗഡ ഇന്നു മുതൽ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു.മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി, അതിർത്തി തർക്ക പരിഹാര സമിതി ചെയർമാൻ ധൈര്യശീൽ മാനെ എംപി എന്നിവർ ഇന്നലെ തർക്ക പ്രദേശം സന്ദർശിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ബെളഗാവിയിൽ കന്നഡ സംഘടനകൾ വ്യാപക പ്രതിഷേധം നടത്തിയത്.

ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പൊലീസ് സന്നാഹവും ശക്തമാക്കിയിരുന്നു. സംഘർഷാവസ്ഥ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഫോണിൽ വിളിച്ച്  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കർണാടക മനഃപൂർവം അതിർത്തി പ്രശ്നം രൂക്ഷമാക്കുകയാണെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ആരോപണം ബൊമ്മെ തള്ളി.

ബസ് സർവീസുകൾ നിർത്തി

ബെംഗളൂരു∙ അതിർത്തി തർക്കം രൂക്ഷമായതോടെ മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇന്നലെ ഉച്ചമുതൽ സർവീസ് നിർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com