ADVERTISEMENT

ബെംഗളൂരു∙ കൊതിയൂറും കേക്കുകളില്ലാതെ ക്രിസ്മസ് ആഘോഷം പൂർണമാകില്ല. ഓരോ വർഷവും വിവിധ പേരുകളിലും രുചികളിലുമാണു ക്രിസ്മസ് കേക്കുകൾ വിപണിയിലെത്തുന്നത്. വിവിധ ആഘോഷപരിപാടികൾക്കു കേക്ക് മുറിക്കുന്നതു ഇന്ന് പതിവായെങ്കിലും ക്രിസ്മസിനു പ്ലം കേക്കുകൾ തന്നെയാണു വിൽപനയിൽ മുന്നിട്ടു നിൽക്കുന്നത്. 

ബേക്കറികൾ തയാറാക്കുന്ന കേക്കുകൾക്കൊപ്പം ഹോം മെയ്ഡ് കേക്കുകളുടെ വിൽപനയും സീസണിൽ സജീവമാണ്. റിച്ച് പ്ലം, റം സോക്ഡ് പ്ലം, ഓർഡിനറി പ്ലം, ഐസിങ് പ്ലം, കാരറ്റ് ആൻഡ് ഡേറ്റ്സ് കേക്കുകളാണ് കൂടുതലായി വിൽപനയ്ക്കെത്തുന്നത്. കൂടാതെ ക്രീം വിഭാഗത്തിൽ, ഫ്രഷ് ക്രീം, ഐസിങ് ക്രീം, ബട്ടർ ക്രീം കേക്കുകളും, പ്രമേഹബാധിതർക്കു കഴിക്കാൻ ഷുഗർ ഫ്രീ കേക്കുകളും വിൽപനയ്ക്കുണ്ട്. റിച്ച് പ്ലം കേക്കുകൾക്കു കിലോയ്ക്ക് 500 രൂപ മുതലും ഫ്രഷ് ക്രീം കേക്കുകൾക്കു 1000 രൂപ തൊട്ടുമാണു വില ആരംഭിക്കുന്നത്. ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴിയും കേക്ക് വിൽപന സജീവമാണ്. കോർപറേറ്റ് സ്ഥാപനങ്ങളും ഐടി കമ്പനികളുമെല്ലാം തങ്ങളുടെ ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കുമെല്ലാം ക്രിസ്മസ് സമ്മാനമായി കേക്കുകൾ നൽകുന്ന പതിവുണ്ട്.  

തയാറെടുപ്പ് ഒരു മാസം മുൻപേ

പ്ലം കേക്കുകൾ ഉണ്ടാക്കുന്നതിനുള്ള സോക്കിങ് ഒരു മാസം മുൻപേ ആരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കേക്കുകളാണ് ഇപ്പോൾ ട്രെൻഡ്. ചേരുവകൾ, ഡക്കറേഷൻ, പാക്കിങ് എന്നിവയിലടക്കം ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കേക്ക് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കു വില കൂടിയതോടെ കേക്കുകൾക്കും 15–20 ശതമാനം വരെ വിലകൂടിയിട്ടുണ്ട്. കൂടാതെ വിവിധ തരം കുക്കികൾ, വട്ടയപ്പം, അച്ചപ്പം, കുഴലപ്പം തുടങ്ങിയ നാടൻ പലഹാരങ്ങളും ക്രിസ്മസ് സീസണിൽ വിൽപനയ്ക്കുണ്ട്. 

വി.എഫ്.ഡേവിഡ് (എംഡി, ഫാത്തിമ ബേക്കറി)

ഹോം മെയ്ഡ് കേക്കിന് ഡിമാൻഡ്

4 വർഷം മുൻപാണ് ഹോം മെയ്ഡ് കേക്ക് നിർമാണം തുടങ്ങിയത്. കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾക്കായാണു കൂടുതൽ കേക്കുകൾ ഉണ്ടാക്കുന്നത്. പ്ലം കേക്കുകൾക്കു പുറമേ ആൽമണ്ട്, റെഡ് വെൽവെറ്റ്,  ടർഫിൾ, സ്പാനിഷ് ഡിലൈറ്റ്, ലെമൺ ക്രീം ഫ്രോസ്റ്റിങ് കേക്കുകൾക്കു ക്രിസ്മസിനും ആവശ്യക്കാരുണ്ട്. ബുക്കിങ് ലഭിക്കുന്നതിനനുസരിച്ചു ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധയോടെയാണ് കേക്കുകൾ ഉണ്ടാക്കുന്നത്. ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് കേക്കുകൾ തയാറാക്കുന്നതിനാൽ ഹോം മെയ്ഡ് കേക്കുകൾക്ക് എന്നും ഡിമാൻഡ് കൂടുതലാണ്.

പൗളി അജി (ലൗ എ കേക്ക്,  ഇലക്ട്രോണിക് സിറ്റി ആറാട്ട്, ഫിറൻസ അപ്പാർട്മെന്റ്)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com