ബെംഗളൂരു∙ ഇരട്ടിപ്പിക്കൽ പൂർത്തിയായ കർമലാരാം–ഹീലലിഗെ റെയിൽ പാത അടുത്ത മാസം തുറക്കാനിരിക്കെ ഇതിന്റെ ഭാഗമായി ഹുസ്കൂർ റോഡിൽ പുതിയ ഹാൾട്ട് സ്റ്റേഷൻ വരുന്നു. രണ്ടാം പ്ലാറ്റ്ഫോമുകൾ നിർമിച്ച് ബെലന്തൂർ റോഡ്, ആനേക്കൽ സ്റ്റേഷനുകളും നവീകരിക്കുന്നു. മറ്റൊരു സ്റ്റേഷനായ കർമലാരാമിൽ നേരത്തെ തന്നെ ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായിരുന്നു.
ഐടി മേഖലകളായ ഇലക്ട്രോണിക് സിറ്റി, സർജാപുര റോഡ്, ബെലന്തൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കെഎസ്ആർ, കന്റോൺമെന്റ്, യശ്വന്ത്പുര, ബാനസവാടി, കെആർ പുരം സ്റ്റേഷനുകളിലെത്താതെ തന്നെ ട്രെയിനിൽ കയറാനുള്ള സൗകര്യമാണ് വികസനത്തിലൂടെ സാധ്യമാവുക. നിലവിൽ മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കർമലാരാമിൽ മാത്രമാണ് ചുരുക്കം എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ളത്. ഹൊസൂർ റോഡിനെ സർജാപുര റോഡുമായി ബന്ധിപ്പിക്കുന്ന ഹുസ്കൂർ റോഡിൽ പുതിയ സ്റ്റേഷൻ വരുന്നത് പാസഞ്ചർ, മെമു ട്രെയിൻ യാത്രക്കാർക്കും സൗകര്യപ്രദമാകും .
പാത ഇരട്ടിപ്പിക്കൽ അടുത്ത വർഷം പൂർത്തിയാകും
48 കിലോമീറ്റർ ദൂരം വരുന്ന ബയ്യപ്പനഹള്ളി –ഹൊസൂർ പാതയിലെ 10.5 കിലോമീറ്റർ ദൂരത്തെ ഇരട്ടിപ്പിക്കലാണ് പൂർത്തിയായത്. 30നു റെയിൽവേ സുരക്ഷ കമ്മിഷണർ കർമലാരാം–ഹീലലിഗെ പാതയിൽ പരിശോധന നടത്തും. ഹീലലിഗെ–ഹൊസൂർ, ബയ്യപ്പനഹള്ളി–കർമലാരാം പാതയുടെ ഇരട്ടിപ്പിക്കൽ 2024 ഫെബ്രുവരിയിൽ പൂർത്തിയാകും.
സബേർബൻ പദ്ധതിയുടെ ഭാഗമായുള്ള കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് എന്റർപ്രൈസസ് (കെ–റൈഡ്) ആണ് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയത്. കേരളത്തിലേക്ക് ഹൊസൂർ വഴിയുള്ള ട്രെയിനുകൾ ക്രോസിങ്ങിനായി കർമലാരാം, ഹീലലിഗെ സ്റ്റേഷനുകളിലാണ് പലപ്പോഴും പിടിച്ചിടുന്നത്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.