ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ നിർമാണത്തിന്റെ ഭാഗമായി ഔട്ടർ റിങ് റോഡിൽ ബസ് സ്റ്റോപ്പുകൾ പൊളിച്ചുമാറ്റിയത് ജനത്തെ വലയ്ക്കുന്നു. കൃത്യമായ ഇടങ്ങളിൽ ബസുകൾ നിർത്തുന്നില്ലെന്ന പരാതിയും വ്യാപകം. മാറത്തഹള്ളി, കാടുബീസനഹള്ളി, കലാമന്ദിർ, കാർത്തിക നഗർ, ഇഎംസി, ബെലന്തൂർ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നീക്കിയത്..  ഇതോടെ പൊരിവെയിലിൽ ബസ് കാത്ത് നടുറോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്. 

റിങ് റോഡിൽ ലെയ്നുകൾ തെറ്റിച്ച് ബിഎംടിസി ബസുകൾ കൂടി നിർത്തുന്നതോടെ അപകടങ്ങളും വർധിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ റോഡിന്റെ വീതിയും കുറഞ്ഞു. വൈറ്റ്ഫീൽഡ് –സിൽക്ബോർഡ്  മെട്രോ നിർമാണത്തെ തുടർന്ന്  ബസ് ലെയ്ൻ പദ്ധതിയുടെ ഭാഗമായി റോഡിൽ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ബൊളാഡുകൾ നേരത്തെ നീക്കം ചെയ്തിരുന്നു. ബിഎംടിസി ബസുകൾക്ക് ഗതാഗതതടസ്സം കൂടാതെ സഞ്ചരിക്കുന്നതിനാണ്  3 വർഷം മുൻപ് ബസ് ലെയ്ൻ പദ്ധതി നടപ്പിലാക്കിയത്. 

ഔട്ടർ റിങ് റോഡിലെ സർവീസ് റോഡുകളും തകർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. മെയിൻ റോഡിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തകർന്ന മെയിൻ റോഡിലെ കുഴികൾ അടച്ചെങ്കിലും സർവീസ് റോഡിനെ അവഗണിക്കുകയായിരുന്നു. എച്ച്ബിആർ ലേഔട്ട് മുതൽ കസ്തൂരി നഗർ വരെയുള്ള ഭാഗത്ത് ടാറിങ് തകർന്നിട്ട് മാസങ്ങളായി. 

ടി. അനിൽ (ഐടി ജീവനക്കാരൻ, ബെലന്തൂർ)  ഔട്ടർ റിങ് റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച്  പലരും ബിഎംടിസി ബസുകളിലേക്ക് മാറിയത്. ബസ് സ്റ്റോപ്പുകൾ പൊളിച്ച് നീക്കിയതോടെ ഇപ്പോൾ ബസുകൾ തോന്നുന്ന ഇടങ്ങളിലാണ് നിർത്തുന്നത്. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ച് ഓടിയാണ് ബസിൽ കയറുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com