ADVERTISEMENT

ബെംഗളൂരു∙ മാർച്ചിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന  മൈസൂരു–ബെംഗളൂരു 10 വരി ദേശീയപാതയുടെ (എൻഎച്ച് 275)  ശ്രീരംഗപട്ടണമുതൽ മൈസൂരു വരെയുള്ള അവസാനഘട്ടത്തിന്റെ നിർമാണ പ്രവൃത്തികൾ  അതിവേഗം പുരോഗമിക്കുന്നു. സിദ്ധലിംഗനപുര മുതൽ കാലസ്ഥവാടി വരെയുള്ള ഭാഗത്തെ നിർമാണ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. 

ഈ മാസം പകുതിയോടെ നിർമാണം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി കർശന നിർദേശം നൽകി. ചെറുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണമാണ് ഇനി അവശേഷിക്കുന്നത്. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കും. 118 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന ബെംഗളൂരുവിലെ കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവൃത്തികൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. 

നിദ്ദഘട്ട മുതൽ ശ്രീരംഗപട്ടണ വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളും 80  ശതമാനം പൂർത്തിയായി. ടോൾ പിരിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. നഗര അതിർത്തിയായ ബിഡദി കണമിനിക്കെയിലും ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുടെ നിർമാണം പൂർത്തിയായത്. 

ബൈപാസുകൾ തുറന്നു; കച്ചവടം കുറഞ്ഞു

മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ 5 ബൈപാസ് റോഡുകളും തുറന്നതോടെ പരമ്പരാഗത വ്യാപാര കേന്ദ്രങ്ങളിൽ തിരക്കൊഴിഞ്ഞു. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, ശ്രീരംഗപട്ടണ ബൈപ്പാസുകളും തുറന്നതോടെ ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ ഇതിലൂടെയാണ് കടന്നുപോകുന്നത്. ചന്നപട്ടണയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന കളിപ്പാട്ട വിൽപന കേന്ദ്രങ്ങളിൽ തിരക്കൊഴിഞ്ഞത് ചെറുകിട വ്യാപാരികൾക്കാണ്  തിരിച്ചടിയായത് കൂടാതെ കാർ, ബസ് യാത്രക്കാർക്കായി രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും വ്യാപാരം കുറഞ്ഞു. രാമനഗര മുതൽ മണ്ഡ്യ വരെ രാത്രി വരെ പ്രവർത്തിച്ചിരുന്ന ചെറുകിട ഹോട്ടലുകൾ പലതും പ്രവർത്തന സമയം കുറച്ചു. രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദ്ദൂർ എന്നിവിടങ്ങളിലെ കർണാടക ആർടിസിയുടെ ബസ് സ്റ്റാൻഡുകളിലും തിരക്ക് കുറവാണ്. 

കുരുക്കഴിയാതെ കുന്ദലഹള്ളി അടിപ്പാത

 ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും ഓൾഡ് എയർ പോർട്ട് റോഡിലിലെ  കുന്ദലഹള്ളി അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായി നിർമിച്ച അടിപ്പാത കഴിഞ്ഞ വർഷം ജൂണിലാണ് തുറന്നുകൊടുത്തത്. ഔട്ടർ റിങ് റോഡിലെ വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് കുരുക്കില്ലാതെ പ്രവേശിക്കാൻ കഴിയുമെന്ന് പറഞ്ഞ അടിപ്പാതയിൽ ട്രാഫിക് പരിഷ്കാരങ്ങൾ പലതവണ മാറ്റി പരീക്ഷിച്ചിട്ടും കുരുക്കിന് മാത്രം കുറവില്ല.

ദേശീയപാതയിൽ കൊള്ളസംഘം

മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ  മണ്ഡ്യയിൽ കാർ യാത്രക്കാരായ ദമ്പതികളെ തടഞ്ഞു നിർത്തി പണവും ആഭരണങ്ങളും കവർന്നതായി പരാതി. തിങ്കളാഴ്ച അർധരാത്രി മാലയ്യഹനദൊഡ്ഡിയിലാണ് സംഭവം. രാമകൃഷ്ണ നഗർ സ്വദേശി എൻ.നാഗരാജു (56), ഭാര്യ എൽ.ജയശ്രീ എന്നിവരെയാണ് കൊള്ളയടിച്ചത്.  25,060 രൂപയും സ്വർണാഭരണങ്ങളുമാണ് കവർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com