ADVERTISEMENT

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി വിജയസാധ്യതയുള്ള  സീറ്റ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് എഐസിസി നേതൃത്വം. കോലാർ സുരക്ഷിതമല്ലെന്ന വിലയിരുത്തലിനിടെ, സ്വന്തം തട്ടകമായ മൈസൂരുവിലെ വരുണയിലേക്ക് തന്നെ സിദ്ധരാമയ്യ മടങ്ങുമെന്നാണ് സൂചന.

130 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക ഈ ആഴ്ച പുറത്തിറക്കുമെന്ന് എഐസിസി നേതൃത്വം പ്രഖ്യാപിച്ചിരിക്കെയാണ്, സിദ്ധരാമയ്യയുടെ സീറ്റ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത്. കന്നഡ പുതുവത്സര ദിനമായ ഉഗാദിക്കു ശേഷം പട്ടിക പുറത്തിറങ്ങിയേക്കും.കോലാറിൽ മത്സരിക്കുമെന്നു സിദ്ധരാമയ്യ 2 മാസം മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ സീറ്റിൽ അദ്ദേഹത്തെ പരീക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് എഐസിസി.

 2018ലെ തിരഞ്ഞെടുപ്പിൽ കോലാറിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായിരുന്നു. പാർട്ടി നടത്തിയ സർവേയിലും ഉറച്ചമണ്ഡലങ്ങളുടെ ഗണത്തിലും കോലാറില്ല. ഈ സാഹചര്യത്തിൽ ഇവിടെ മുതിർന്ന നേതാവായ സിദ്ധരാമയ്യ മത്സരിക്കുന്നത് ഗുണകരമാകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ  വെളിപ്പെടുത്തിയെന്നാണ് സൂചന. നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്തു മത്സരിക്കുമെന്നു സിദ്ധരാമയ്യയും നിലപാടും മാറ്റിയിട്ടുണ്ട്.

ഇതുപ്രകാരമാണ് കോൺഗ്രസ് കോട്ടയായ വരുണയിലേക്ക് മടങ്ങാൻ സിദ്ധരാമയ്യ തയാറെടുക്കുന്നത്. സിറ്റിങ് എംഎൽഎ കൂടിയായ മകൻ യതീന്ദ്ര ഈ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ സമ്മതമറിയിച്ചിട്ടുണ്ട്. 2018ൽ മൈസൂരിലെ ചാമുണ്ടേശ്വരി, ബാഗൽക്കോട്ടിലെ ബാദാമി എന്നിവിടങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ ജനവിധി തേടിയത്. ചാമുണ്ഡേശ്വരി മണ്ഡലം അദ്ദേഹത്തെ കൈവിട്ടു. ബാദാമിയിൽ മന്ത്രി ശ്രീരാമുലുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com