ADVERTISEMENT

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെആർ പുരം–വൈറ്റ്ഫീൽഡ് നമ്മ മെട്രോ പാതയിൽ കോർപറേറ്റ് പാസുകൾ ഏർപ്പെടുത്താൻ ബിഎംആർസി. പാതയിൽ ഒട്ടേറെ ടെക്പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും ഉള്ളതിനാൽ ഇവിടെ ജോലി ചെയ്യുന്നവരക്കൂടി  ആകർഷിക്കാനാണിത്. 

5000 പാസുകൾ വരെ ഒരു കമ്പനിക്ക് നൽകും. ഇതിൽ ബിഎംആർസി ലോഗോയും കമ്പനിയുടെ പേരും ലോഗോയും ഉണ്ടാകും. വിവിധ മേഖലകളിലെ ജീവനക്കാരെ മെട്രോ യാത്രയിലേക്ക് ആകർഷിക്കാൻ ബോധവൽക്കരണവും നടത്തും. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.71 കിലോമീറ്റർ  പാത തുറക്കുന്നതോടെ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ.

 ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വൈറ്റ്ഫീൽഡ് സ്റ്റേഷനിലാണ് ഉദ്ഘാടനച്ചടങ്ങ്. ഇതിനു മുന്നോടിയായി സത്യസായി ആശ്രമം മുതൽ വൈറ്റ്ഫീൽഡ് (കാടുഗോഡി) സ്റ്റേഷൻ വരെ പ്രധാനമന്ത്രിയുടെ റോഡ്ഷോ ഉണ്ടാകും.

ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കിളവ്  

മെട്രോയിൽ കൂടുതൽ പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഗ്രൂപ്പ് ടിക്കറ്റ് സംവിധാനം ജനുവരിയിൽ നടപ്പാക്കിയിരുന്നു. 25 പേരിൽ കൂടുതലുള്ളവർക്ക് 10%, 100 –1000 പേർക്ക് 15%, ആയിരത്തിനു മുകളിൽ 20% ആണ് ഇളവ്. 100 ടിക്കറ്റിൽ കൂടുതൽ എടുക്കുന്നവർക്ക് 30–35 രൂപ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ടോക്കൺ ടിക്കറ്റിന് പുറമേ സ്മാർട്ട് കാർഡ്, ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവർക്ക് 5 ശതമാനമാണ് ഇളവ്.

പൊതുജനങ്ങൾക്കായി സർവീസ് നാളെമുതൽ 

പാതയിൽ പൊതുജനങ്ങൾക്കുള്ള സർവീസ് നാളെ രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സർവീസ്. തിങ്കൾ മുതൽ രാവിലെ 5 മുതൽ രാത്രി 11 വരെ സർവീസ് നടത്തും. 10 മിനിറ്റ് ഇടവേളയിൽ 7 ട്രെയിനുകളാണ് ഇരുവശങ്ങളിലേക്കും സർവീസ് നടത്തുക. 

ടിക്കറ്റ് 35 രൂപ

കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ യാത്ര ചെയ്യാൻ ടോക്കൺ ടിക്കറ്റ് 35 രൂപയും ഒരു സ്റ്റേഷനിൽ നിന്ന് തൊട്ടടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ 10 രൂപയുമാണ് നിരക്ക്. 

വിജയ സങ്കൽപ രഥയാത്ര  സമാപനത്തിന് മോദിയെത്തും

ബെംഗളൂരു∙ വൈറ്റ്ഫീൽഡ് മെട്രോ പാത ഉദ്ഘാടനത്തിനു ശേഷം ദാവനഗെരെയിൽ നടക്കുന്ന ബിജെപി വിജയസങ്കൽപ രഥയാത്രയുടെ സമാപന സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റാലിയിൽ 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ഇന്ന് 

ചിക്കബെല്ലാപുര മുദ്ദേനഹള്ളി സത്യ സായി ഗ്രാമത്തിലെ സദ്ഗുരു മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് ഇന്നു രാവിലെ 10.45ന് മോദി ഉദ്ഘാടനം ചെയ്യും. ഗ്രാമീണ സേവനം നടത്താൻ സന്നദ്ധരാകുന്ന വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള സ്ഥാപനമാണിത്. '

എംബിബിഎസ്, മെഡിക്കൽ പിജി, നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ഗ്രാമീണർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും. കെആർപുരം–വൈറ്റ് ഫീൽഡ് മെട്രോ പാതയിലെ കുന്ദലഹള്ളി സ്റ്റേഷൻ. ഇതിനോട് ചേർന്ന് സാപ് ലാബ് ക്യാംപസിലേക്കുള്ള പ്രവേശനകവാടവും കാണാം.  

റോഡ് ഷോ; ഇന്ന് ഗതാഗത നിയന്ത്രണം

മോദിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്നു രാവിലെ 11മുതൽ 2.30 വരെ വൈറ്റ്ഫീൽഡ് മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.  വർത്തൂർകൊടി മുതൽ ഹോപ്ഫാം സർക്കിൾ, കാടുഗോഡി മുതൽ  കന്നമംഗല ഗേറ്റ്, ചന്നസന്ദ്ര മുതൽ ഹോപ്ഫാം സർക്കിൾ–ഹൂഡി സർക്കിൾ,  കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജം‌ക്‌ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ–ബിഗ് ബസാർ ജംക്‌ഷൻ വരെയും സ്വകാര്യ വാഹനങ്ങൾ പൂർണമായി നിരോധിച്ചു. 

വർത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം. ചന്നസന്ദ്ര സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ നാഗോണ്ടനഹള്ളി, ഇമ്മാഡിഹള്ളി, ഹാഗദൂരു വഴി വർത്തൂർ കൊടി   റോഡിൽ പ്രവേശിക്കണം. 

കട്ടമാനലൂർ ക്രോസിൽ നിന്ന് വരുന്ന വാഹനങ്ങൾ കന്നമംഗല ഗേറ്റ്, സീഗേഹള്ളി, എച്ച്.പി പെട്രോൾ പമ്പ്, കാടുഗോഡി റോഡ് വഴി ചന്നസന്ദ്രയിലെത്തും. ഹുഡി സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഗ്രാഫൈറ്റ് ഇന്ത്യ റോഡ് വഴി കുന്ദലഹള്ളിയിൽ പ്രവേശിക്കാം. ഹുഡി സർക്കിളിൽ നിന്ന് അയ്യപ്പനഗർ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ബട്ടറഹള്ളി ജംക്‌ഷൻ–മേദഹള്ളി ബ്രിഡ്ജ്, കാട്ടമനലൂർ ക്രോസ് വഴി ഹൊസ്കോട്ടയിൽ പ്രവേശിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com