കബ്ബൺ പാർക്കിൽ വീണ്ടും ‘പുട്ടാനി എക്സ്പ്രസ്’

Mail This Article
ബെംഗളൂരു∙ കബ്ബൺ പാർക്ക് ബാലഭവനിലെ പുട്ടാനി എക്സ്പ്രസ് (ടോയ് ട്രെയിൻ) ഇന്നു മുതൽ വീണ്ടും പാളത്തിലോടും. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ഓട്ടം പുനരാരംഭിക്കുന്ന ട്രെയിനിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിക്കും. പാളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 2019 ജനുവരിയിലാണ് സർവീസ് നിർത്തിയത്. 1968 ഒക്ടോബറിൽ ആരംഭിച്ച ട്രെയിനിന്റെ എൻജിൻ ഉൾപ്പെടെ പലപ്പോഴായി മാറിയെങ്കിലും ഒട്ടേറെപ്പേരുടെ ഗൃഹാതുര ഓർമകളും കുട്ടികളുടെ കളിചിരികളുമായി പുട്ടാനി എക്സ്പ്രസ് അരനൂറ്റാണ്ടായി കബ്ബൺ പാർക്കിലെ ആകർഷണമായി തുടരുന്നു.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പാളം ഉൾപ്പെടെ നവീകരിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേ ജീവനക്കാരുടെ സഹായത്തോടെയാണ് പുതിയ പാളം സ്ഥാപിച്ചത്. ആദ്യം ഡീസലിൽ ഓടിയിരുന്ന ട്രെയിൻ 2012ൽ ബയോ ഡീസലിലേക്ക് മാറി. 5 ബോഗികളിലായി കുട്ടികൾക്കും മുതിർന്നവർക്കും യാത്ര ചെയ്യാം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.