ADVERTISEMENT

ബെംഗളൂരു ∙ വഴിക്കുരുക്കിൽ വലയുന്ന നഗരജനതയ്ക്ക് സുഗമയാത്ര ഒരുക്കുന്ന നമ്മ മെട്രോ കെആർപുരം– വൈറ്റ്ഫീൽഡ് 13.7 കിലോമീറ്റർ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്സവസമാന അന്തരീക്ഷമാണ് ഉദ്ഘാടന ചടങ്ങുകൾക്കായി ബിഎംആർസി ഒരുക്കിയത്. ടെക്പാർക്കുകളും മറ്റു കോർപറേറ്റ് കമ്പനികളും നിരനിരയായുള്ള പാതയുടെ ഇരുവശങ്ങളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജനം മോദിയെ വരവേറ്റത്. ചിക്കബെല്ലാപുരയിൽ നിന്ന് ഹെലികോപ്റ്ററിൽ വൈറ്റ്ഫീൽഡിലെ സത്യസായി ആശുപത്രി ഹെലിപാഡിൽ വന്നിറങ്ങിയ മോദി കാർ മാർഗമാണ് വൈറ്റ്ഫീൽഡ് (കാടുഗോഡി) സ്റ്റേഷനിലെത്തിയത്. 

ഇവിടെ പാതയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സ്വയം ടിക്കറ്റെടുത്താണ് അദ്ദേഹം മെട്രോ ട്രെയിൻ യാത്ര നടത്തിയത്. ട്രെയിനിൽ കൂടെയുണ്ടായിരുന്ന മെട്രോ നിർമാണ തൊഴിലാളികളുമായും ലോക്കോ പൈലറ്റുമാരുമായും അദ്ദേഹം കുശലം  പറഞ്ഞു. സത്യസായി സ്റ്റേഷൻ വരെ 4.4 കിലോമീറ്റർ ദൂരം മെട്രോയിൽ സഞ്ചരിച്ച മോദിക്കൊപ്പം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഗവർണർ താവർചന്ദ് ഗെലോട്ട്, ബിഎംആർസി എംഡി അൻജൂം പർവേസ് എന്നിവരുമുണ്ടായിരുന്നു. 

ബെംഗളൂരു നമ്മ മെട്രോയുടെ കെആർപുരം– വൈറ്റ്ഫീൽഡ് പാതയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ട്രെയിനിൽ യാത്ര നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൗണ്ടറിലെത്തി ടിക്കറ്റെടുക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സമീപം.

ട്രെയിൻ സർവീസ് ഇന്നു മുതൽ

പൊതുജനത്തിനായുള്ള ട്രെയിൻ സർവീസ് ഇന്ന് രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സർവീസ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയാണ് സർവീസ്. 12 മിനിറ്റ് ഇടവേളയിൽ 6 കോച്ചുകൾ വീതമുള്ള 5 ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ ഓടുക. തിരക്ക് കൂടുന്ന മുറയ്ക്ക് 2 ട്രെയിനുകൾ കൂടി ഏർപ്പെടുത്തും. കാടുഗോഡി ഡിപ്പോയിലാണ് അറ്റകുറ്റപ്പണി നടത്തുക. 

ഫീഡർ സർവീസുമായി ബിഎംടിസി 

കെആർപുരം, സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകളിൽ നിന്ന് ബിഎംടിസി ഫീഡർ സർവീസ് ഇന്ന് ആരംഭിക്കും. ബയ്യപ്പനഹള്ളി സ്റ്റേഷന് മുന്നിലും ഫീഡർ സർവീസുകൾ നിർത്തും. 

കാർ പാർക്കിങ് സൗകര്യം രണ്ടിടത്ത് മാത്രം

കെആർ പുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ മാത്രമാണ് കാർ പാർക്കിങ്ങിന് സൗകര്യമുള്ളത്. മറ്റു സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം. എല്ലാ സ്റ്റേഷനുകളിലും 8 എസ്കലേറ്ററുകളും 4 ലിഫ്റ്റുകളും 8 ഗോവണികളും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യവും ലഭ്യമാണ്. ഇരുവശങ്ങളിലെ സർവീസ് റോഡുകളിലൂടെയാണ് സ്റ്റേഷനകത്തേക്ക് പ്രവേശിക്കാനാവുക. കെആർ പുരം, വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനുകളെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് കാൽനടമേൽപാലവും  നിർമിക്കും.  

രണ്ടാം സ്ഥാനത്ത് നമ്മ മെട്രോ 

വൈറ്റ്ഫീൽഡ് പാതയിൽ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ ഡൽഹി മെട്രോയ്ക്ക് പിന്നാലെ 69.66 കിലോമീറ്റർ ദൂരവും 63 സ്റ്റേഷനുകളുമായി ബെംഗളൂരു നമ്മ മെട്രോ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തി. 4,249 കോടി രൂപയാണ് കെആർ പുരം–വൈറ്റ്ഫീൽഡ് പാതയുടെ നിർമാണച്ചെലവ്. നമ്മ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ യെലച്ചേനഹള്ളി– സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് (6.12 കിലോമീറ്റർ), മൈസൂരു റോഡ്– കെങ്കേരി (7.53 കിലോമീറ്റർ) പാതകളിൽ 2021ൽ സർവീസ് ആരംഭിച്ചിരുന്നു. 

പർപ്പിൾ ലൈനുമായി ബന്ധിപ്പിക്കൽ 

വൈറ്റ്ഫീൽഡ്– കെആർപുരം മെട്രോ പാത നിലവിലെ പർപ്പിൾ ലൈനുമായി (കെങ്കേരി മുതൽ ബയ്യപ്പനഹള്ളി വരെ) ബന്ധിപ്പിക്കാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ബയ്യപ്പനഹള്ളി മുതൽ കെആർ പുരം വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവൃത്തികളാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഈ പാത കൂടി തുറക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 6– 8 ലക്ഷം വരെയായി ഉയരുമെന്നാണ് ബിഎംആർസിയുടെ പ്രതീക്ഷ. 

12 സ്റ്റേഷനുകൾ, 24 മിനിറ്റ് യാത്ര

പാതയിലെ 12 സ്റ്റേഷനുകൾ പിന്നിടാൻ 24 മിനിറ്റാണ് നിലവിലെ യാത്രാ സമയം. കൃഷ്ണരാജപുരം, സിംഗായനപാളയ, ഗരുഡാചർപാളയ, ഹൂഡി, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സത്യസായി ഹോസ്പിറ്റൽ, പട്ടാന്തൂർ അഗ്രഹാര, കാടുഗോഡി ട്രീ പാർക്ക്, ഹോപ്ഫാം ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് (കാടുഗോഡി) എന്നിവയാണ് സ്റ്റേഷനുകൾ.

കോമൺ മൊബിലിറ്റി കാർഡ് 30 മുതൽ 

നമ്മ മെട്രോയിലും റുപെ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഉപയോഗിച്ച് ഇനി യാത്ര ചെയ്യാം.  ആർബിഎൽ ബാങ്കുമായി സഹകരിച്ച് ബിഎംആർസി പുറത്തിറക്കുന്ന കാർഡ് 30നു നിലവിൽ വരും. ബാങ്ക് ശാഖകളിൽ നിന്നും മെട്രോ സ്റ്റേഷൻ കസ്റ്റമർ കെയർ കൗണ്ടറുകളിൽ നിന്നും കാർഡ് ലഭിക്കുമെന്ന് ബിഎംആർസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ബിഎംടിസി ബസുകളിലും രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡായും ഉപയോഗിക്കാം. 

പൂർത്തീകരിക്കാനുള്ള പാതകൾ

∙ ബയ്യപ്പനഹള്ളി– കെആർ പുരം (2.5 കിലോമീറ്റർ) 

∙ കെങ്കേരി– ചല്ലഘട്ട (1.9 കിലോമീറ്റർ) 

∙ നാഗസന്ദ്ര– മാധവാര (3.14 കിലോമീറ്റർ)

∙ ബൊമ്മസന്ദ്ര– ആർവി റോഡ് (19.15 കിലോമീറ്റർ)

∙ കല്ലേന അഗ്രഹാര– നാഗവാര (21.26 കിലോമീറ്റർ)

∙ കെആർപുരം– ബെംഗളൂരു രാജ്യാന്തര വിമാനത്താവള ടെർമിനൽ (37 കിലോമീറ്റർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com