ADVERTISEMENT

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടികയുമായി കളം നിറയാനൊരുങ്ങി പാർട്ടികൾ. പ്രധാന കക്ഷികളായ ബിജെപിയും കോൺഗ്രസും ദളും അവസാനവട്ട സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്.  2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഈ അങ്കം. രാജ്യത്ത് കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന ജനവിധിയും ഇതു തന്നെ. രാഷ്ട്രീയക്കാറ്റ് ഏതു ദിശയിൽ വീശിയാലും അതു ദേശീയ തലത്തിലും പ്രതിഫലിക്കും. 

2013 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ  വോട്ടുവിഹിതം 36.6 ശതമാനവും 2018ൽ ഇത് 38 ശതമാനവുമാണ്. എന്നാൽ കോൺഗ്രസിന്റെ സീറ്റ് നില 2013ലെ 122ൽ നിന്ന് 2018ൽ 80 ആയി കുറഞ്ഞു. കോൺഗ്രസിനെക്കാൾ കുറഞ്ഞ വോട്ടുവിഹിതം ലഭിച്ച (36.2%) ബിജെപിക്കാകട്ടെ 104 സീറ്റുകളാണ് കഴിഞ്ഞ ജനവിധി സമ്മാനിച്ചത്. യെഡിയൂരപ്പ കെജെപി രൂപീകരിച്ച്  മത്സരിച്ച 2013ൽ ബിജെപിക്ക് ലഭിച്ചത് വെറും 40 സീറ്റ്. 

കൈകോർത്ത് ശിവകുമാറും സിദ്ധരാമയ്യയും

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോൺഗ്രസിന് സംഘടനാപരമായി പകർന്ന ആത്മവിശ്വാസം ചെറുതല്ല.  പ്രജാധ്വനി യാത്രയുമായി പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ഒരുമിച്ച് ഏറെ മുന്നേറിക്കഴിഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സ്വന്തം മണ്ണായ കർണാടകയിൽ വിജയം കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. രാഹുൽ ഗാന്ധി 5ന് കോലാറിൽ പ്രസംഗിക്കാനിരിക്കെ, കേന്ദ്ര, കർണാടക സർക്കാരുകളുടെ അഴിമതി തുറന്നുകാട്ടാനുള്ള വേദിയായാക്കി ഇതിനെ മാറ്റും.

ബിജെപിയുടെ ലക്ഷ്യം ‘ഡബിൾ എൻജിൻ ’സർക്കാർ

പ്രധാനമന്ത്രി മോദിയെയും അമിത് ഷായേയും കൊണ്ട് വികസനപദ്ധതികൾക്ക് തറക്കല്ലിട്ടും ഉദ്ഘാടനം നടത്തിയുമാണ് ദക്ഷിണേന്ത്യയിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി കരുനീക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിച്ചാൽ വികസന കാര്യങ്ങളിൽ ഡബിൾ എൻജിന്റെ ഗുണം ചെയ്യുമെന്ന് ഇവർ വാഗ്ദാനം ചെയ്യുന്നു. സ്ഥിരതയുള്ള ഒരു സർക്കാരിനാണ് ഇതു സാധ്യമാവുകയെന്നും ആവർത്തിക്കുന്നു. 224 മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷം ബിജെപി വിജയസങ്കൽപ രഥയാത്ര സമാപിച്ചത് കഴിഞ്ഞ ദിവസമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ 25 എണ്ണവും ബിജെപി അനുകൂലമാക്കിയിരുന്നു. 

പഴയ മൈസൂരു മേഖല നിർണായകം

ദളിനെ കിങ് മേക്കറാകാൻ വിടാതിരിക്കുന്നതിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും വിജയം. ദളിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രമായ പഴയമൈസൂരു മേഖലയിൽ പരമാവധി സീറ്റ് നേടാൻ പതിനെട്ടടവും ബിജെപി പുറത്തെടുക്കും. ഈ മേഖലയിൽ വിജയക്കൊടി പാറിച്ചാലേ ബിജെപിക്ക് സുസ്ഥിര സർക്കാരുണ്ടാക്കാനാകൂ എന്ന് പാർട്ടി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു. മൈസൂരു, ചാമരാജ് നഗർ, മണ്ഡ്യ, രാമനഗര, കോലാർ, ചിക്കബെല്ലാപുര ജില്ലകൾ ഉൾപ്പെടുന്ന ഈ മേഖലയിലേക്ക് ദേശീയ കക്ഷികൾ ഇത്ര ശ്രദ്ധ ചെലുത്തുന്നതിനിടെ പരമാവധി സീറ്റ് പിടിക്കാനുള്ള അടവുകൾ ദളും പയറ്റും. പഞ്ചരത്ന യാത്രയിലൂടെ കർഷക, ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള തിരക്കിലാണ് ദൾ.

കോൺഗ്രസിന് മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടും: ഡി.കെ.എസ്

ബെംഗളൂരു∙ അധികാരത്തിലെത്താൻ ഒരു പാർട്ടിയുടെയും സഹായം വേണ്ടെന്നും തിരഞ്ഞെടുപ്പിൽ  മൂന്നിൽ രണ്ട് ഭൂരിപക്ഷം കോൺഗ്രസിനു ലഭിക്കുമെന്നും പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ. ബിജെപിയെക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കും. സംസ്ഥാനത്തെ ജനങ്ങൾ അഴിമതിയില്ലാത്ത പുതിയ സർക്കാരിനെ ആഗ്രഹിക്കുന്നു. തോൽവി മുന്നിൽകണ്ട് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com