ബെംഗളൂരു∙ തിരഞ്ഞെടുപ്പിന് നഗരത്തിലെ അപ്പാർട്മെന്റുകൾ കേന്ദ്രീകരിച്ച് വേറിട്ട പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾ. വോട്ടർമാരിൽ 20 ശതമാനവും താമസിക്കുന്ന അപ്പാർട്മെന്റുകളിലെ വോട്ടുകൾ ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ നിർണായകമായതിനാൽ ആണിത്. അപ്പാർട്മെന്റിലെ പ്രചാരണങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് സെല്ലിനു രൂപം നൽകി. സെല്ലിന്റെ നേതൃത്വത്തിൽ താമസക്കാരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ യോഗങ്ങൾ വിളിക്കും. മുതിർന്ന നേതാക്കൾ നേരിട്ടെത്തി വോട്ടർമാരുമായി സംസാരിക്കും.

അധികാരത്തിലെത്തിയാൽ അപ്പാർട്മെന്റുകളിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടുന്ന പ്രകടനപത്രികയ്ക്കു സെൽ രൂപം നൽകി. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ എണ്ണം വർധിപ്പിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നത് ഉൾപ്പെടെ വാഗ്ദാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അപ്പാർട്മെന്റിലെ വോട്ടർമാരിലേക്ക് എത്താൻ വിവിധ സംഘങ്ങളെ നിയോഗിച്ചതായി ബൊമ്മനഹള്ളിയിലെ ബിജെപി എംഎൽഎ സതീഷ് റെഡ്ഡിയും പറഞ്ഞു. അപ്പാർട്മെന്റുകളിൽ പ്രചാരണത്തിന് മുന്നൊരുക്കം സ്വീകരിച്ചെന്ന് ദൾ എംഎൽസി തിപ്പെസ്വാമിയും വ്യക്തമാക്കി.
ബാഗേപള്ളിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സിപിഎം
ബെംഗളൂരു∙ ബാഗേപള്ളിയിൽ ഡോ. അനിൽ സിപിഎം സ്ഥാനാർഥി. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, ബി.വി.രാഘവലു എന്നിവർ പങ്കെടുത്ത റാലിയിലായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ 2 തവണ മണ്ഡലത്തിൽ സിപി എം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി ശ്രീരാമ റെഡ്ഡി 2 തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.
പോരാട്ടം ഇഞ്ചോടിഞ്ച്
ബെംഗളൂരു∙ കല്യാണ കർണാടക (ഹൈദരാബാദ് കർണാടക) മേഖലയിലെ 31 സീറ്റുകളിൽ കോൺഗ്രസ് 19–23, ബിജെപി 8–12, ദളിന് 0–1 സീറ്റും ലഭിക്കുമെന്ന് എബിപി– സി–വോട്ടർ അഭിപ്രായ സർവേ.
∙ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന മുംബൈ കർണാടകയിലെ 50 സീറ്റുകളിൽ കോൺഗ്രസ് 25–29, ബിജെപി 21–25, ദൾ– 1സീറ്റും ലഭിക്കും. ലിംഗായത്തുകളുടെ ശക്തി കേന്ദ്രമാണ് ഇവിടം.
∙ മംഗളൂരു ഉൾപ്പെടുന്ന തീരദേശ മേഖലയിലെ 21 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തും. ബിജെപി 9–13, കോൺഗ്രസ് 8–12, ദളിനും മറ്റുള്ളവർക്കും ഒരു സീറ്റു വീതവും ലഭിക്കും.
∙ മധ്യ കർണാടകയിലെ 35 സീറ്റുകളിൽ കോൺഗ്രസ് 18–22 , ബിജെപി 12–16, ദൾ 2 സീറ്റുകൾ നേടും.
∙ ദളിന്റെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലെ 55 സീറ്റുകളിൽ കോൺഗ്രസ് 24–28, ദൾ 26–27, ബിജെപി–5 സീറ്റ് നേടും.
∙ ബെംഗളൂരു നഗര, ഗ്രാമ മേഖലകളിലെ 32 സീറ്റുകളിൽ ബിജെപി 11–15, കോൺഗ്രസ് 15–19, ദൾ 1–3 എന്നിങ്ങനെയാണ് പ്രവചനം.