ബെംഗളൂരു∙ കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയിലെ കൂടുതൽ സ്റ്റേഷനുകളിൽ നിന്ന് ബിഎംടിസി ഫീഡർ സർവീസുകൾ ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. നിലവിൽ കെആർപുരം സ്റ്റേഷനെയും ബയ്യപ്പനഹള്ളിയെയും ബന്ധിപ്പിച്ചാണ് ഫീഡർ ബസ് ഓടിക്കുന്നത്. ടെക്പാർക്കുകൾ, അപ്പാർട്മെന്റ് കോംപ്ലക്സുകൾ എന്നിവയെ കൂട്ടിയിണക്കിയാകും ഫീഡർ സർവീസ്. ബസുകളുടെ റൂട്ട് ഉൾപ്പെടെ നേരത്തെ ബിഎംടിസി ഡിവിഷനൽ അധികൃതർ പരിശോധിച്ചിരുന്നു. ഈ പാതയിലെ 12 മെട്രോ സ്റ്റേഷനുകളിലും ബസുകൾ നിർത്താൻ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്.
മെട്രോ വന്നു. ബസിൽ തിരക്ക് കുറഞ്ഞു
മെട്രോ ആരംഭിച്ചതോടെ വൈറ്റ്ഫീൽഡ് മേഖലയിലേക്കുള്ള ബസ് റൂട്ടുകൾ പുനഃക്രമീകരിക്കാൻ ബിഎംടിസി. ഔട്ടർ റിങ് റോഡിലെ സിൽക് ബോർഡ്, മജസ്റ്റിക് എന്നിവിടങ്ങളിൽ നിന്നാണ് ബിഎംടിസി വൈറ്റ്ഫീൽഡിലേക്ക് കൂടുതൽ എസി ബസ് സർവീസുകൾ നടത്തുന്നത്. വെബ്ടാക്സികൾ സജീവമായതോടെ ഇടക്കാലത്ത് എസി ബസുകളിൽ യാത്രക്കാർ കുറഞ്ഞിരുന്നു.
ടിക്കറ്റ്, പാസ് നിരക്കുകൾ കുറച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ മാറ്റം വന്നിരുന്നു. മെട്രോ വന്നതോടെ കെആർ പുരത്ത് നിന്നും വൈറ്റ്ഫീൽഡിൽ നിന്നും ബസിൽ കയറുന്നവരുടെ എണ്ണം കുറഞ്ഞു. ഗതാഗതക്കുരുക്ക് രൂക്ഷമായ മേഖലയിൽ മെട്രോയിൽ 13.25 കിലോമീറ്റർ ദൂരം പിന്നിടാൻ 23 മിനിറ്റ് മതി. ഇതേ ദൂരം റോഡ് മാർഗം പിന്നിടാൻ തിരക്കേറിയ സമയം ഒരു മണിക്കൂറിലധികം വേണം.
കോമൺ മൊബിലിറ്റി കാർഡ് വൈകും
നമ്മ മെട്രോയിൽ ആദ്യമായി നടപ്പിലാക്കുന്ന റുപേ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) വിതരണം വൈകുമെന്ന് ബിഎംആർസി. കാർഡ് ഇന്നലെ വിതരണം ചെയ്യുമെന്നാണ് ബിഎംആർസി അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് വിതരണം മാറ്റിയത്. ആർബിഎൽ ബാങ്കുമായി സഹകരിച്ച് പുറത്തിറക്കുന്ന മൊബിലിറ്റി കാർഡിന്റെ ഉദ്ഘാടനം കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്.