ADVERTISEMENT

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിൽ  സിപിഎം  ഇത്തവണ  6 മണ്ഡലങ്ങളിൽ മത്സരിക്കും.  ചിക്കബെല്ലാപുരയിലെ ബാഗേപള്ളി, കോലാറിലെ കെജിഎഫ്, ബെംഗളൂരുവിലെ കെആർ പുരം, കൊപ്പാളിലെ കനകഗിരി, വിജയാപുരയിലെ ഗുൽബർഗ റൂറൽ, ദക്ഷിണ കന്നഡയിലെ മംഗളൂരു സൗത്ത് മണ്ഡലങ്ങളിലാണ് മത്സരിക്കുക. ഡോ.അനിൽകുമാർ (ബാഗേപള്ളി), എം.നഞ്ചേഗൗഡ (കെആർ പുരം), ഹുസൈനബ (കനകഗിരി), പി.തങ്കരാജു (കെജിഎഫ്) എന്നിവരാണ് സ്ഥാനാർഥികൾ. ഗുൽബർഗ റൂറൽ, മംഗളൂരു സൗത്ത് മണ്ഡലങ്ങളിലെ  സ്ഥാനാർഥികളെ  പ്രഖ്യാപിച്ചിട്ടില്ല. 

ബാഗേപള്ളിയിൽ തീപാറും പ്രചാരണം 

കന്നഡനാട്ടിൽ  ഭൂസമരങ്ങൾക്ക് വിത്തുപാകിയ ബാഗേപള്ളി  മണ്ഡലം തിരിച്ചുപിടിക്കാൻ തീപാറും പ്രചാരണമാണ് സിപിഎം നടത്തുന്നത്.  സ്ഥാനാർഥിയും ചിക്കബെല്ലാപുര ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഡോ.അനിൽകുമാർ മാസങ്ങൾക്ക് മുൻപേ  പ്രചാരണ രംഗത്തുണ്ട്. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി ശ്രീരാമ റെഡ്ഡി 1994ലും 2004ലും ഇവിടെ നിന്ന് വിജയിച്ചിരുന്നു. തുടർച്ചയായി 3 തവണ  ശ്രീരാമ റെഡ്ഡി മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തെത്തി. 

2018ൽ 14013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീരാമറെഡ്ഡിയെ  കോൺഗ്രസിലെ എസ്.എൻ.സുബ്ബറെഡ്ഡി  പരാജയപ്പെടുത്തിയത്. ഇത്തവണയും സുബ്ബറെഡ്ഡിയാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. നാഗരാജ് റെഡ്ഡിയാണ് ദൾ സ്ഥാനാർഥി. കോവിഡ് കാലത്ത് ബാഗേപള്ളിയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആരോഗ്യപ്രവർത്തനങ്ങൾ വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഡോ. അനിൽകുമാർ. 

ആന്ധ്രയിലെ അനന്ത്പൂർ ജില്ലയുമായി  അതിർത്തി പങ്കിടുന്ന ബാഗേപള്ളിയിൽ കർഷക തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളുമാണ് പാർട്ടിയുടെ ശക്തി. തെലുങ്കും കന്നഡയും സംസാരിക്കുന്ന ഇവരുടെ ഇടയിൽ ഗ്രാമങ്ങൾ തോറും കയറിയിറങ്ങിയാണ് പ്രചാരണം. കർണാടകയുടെ ചുമതലയുള്ള പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാർട്ടി സംസ്ഥാന സെക്രട്ടറി യു.ബസവരാജ് എന്നിവർ  മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

പ്രതാപം മങ്ങി കെജിഎഫ്; ശക്തി ചോർന്ന് സിപിഎം

കോലാർ സ്വർണ ഖനിയുടെ (കെജിഎഫ്) പ്രതാപം മങ്ങിയത് തിരിച്ചടിയായത് ഇടതുപാർട്ടികൾക്ക്. തമിഴരും മലയാളികളും ‍ഏറെയുണ്ടായിരുന്ന മണ്ഡലം ഒരു കാലത്ത് ഇടതുപാർട്ടികളുടെ ഉരുക്കുകോട്ടയായിരുന്നു. കന്നഡ നാട്ടിൽ നിന്നുള്ള  ആദ്യ കമ്യൂണിസ്റ്റ് എംഎൽഎ എന്ന പദവി കെ.എസ്.വാസനാണ്. ഭാരത് ഗോൾഡ് മൈനിലെ തൊഴിലാളി യൂണിയൻ നേതാവ് കൂടിയായ വാസൻ കർണാടക സംസ്ഥാന രൂപീകരണത്തിന് മുൻപ് 1952ൽ നടന്ന തിരഞ്ഞെടുപ്പിലാണ് വിജയിച്ചത്.

1957ൽ  എം.സി നരസിംഹനും 1962ൽ  എസ്.രാജഗോപാലുമാണ് സിപിഐ പ്രതിനിധികളായി കെജിഎഫിൽ നിന്ന് നിയമസഭയിലെത്തിയത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിന് ശേഷം 1985ൽ ടി.എസ്.മണിയാണ് സിപിഎം ടിക്കറ്റിൽ അവസാനമായി വിജയിച്ചത്. കോലാർ ഖനി അടച്ചുപൂട്ടിയതോടെ 1990ന് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും ഇടതുപാർട്ടികൾക്ക് പഴയ ശക്തി വീണ്ടെടുക്കാനായില്ല. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും എഐഡിഎംകെയും  കെജിഎഫിൽ നിന്ന് 2 തവണ ജയിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com