ADVERTISEMENT

ബെംഗളൂരു ∙ വേനൽമഴയെ തുടർന്ന് നിരത്തുകളിലെ ആൾനൂഴികൾ കവിഞ്ഞൊഴുകുന്നതും പലയിടങ്ങളിലും ഇതിന്റെ മൂടി തുറന്നുകിടക്കുന്നതും നഗരയാത്ര ദുസ്സഹമാക്കുന്നു.   പലയിടത്തും ആൾനൂഴിയുടെ കോൺക്രീറ്റ്, ഇരുമ്പ് മൂടികൾ ഒലിച്ചുപോയ നിലയിലാണുള്ളത്. ഇവിടങ്ങളിൽ വേണ്ടത്ര മുന്നറിയിപ്പു ബോർഡുകളുമില്ല.

  മലിനജലം റോഡിലൂടെ കുത്തിയൊലിക്കുന്നതിനിടെ ഇരുചക്രവാഹനങ്ങൾ ഇവയിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്ന സംഭവങ്ങളേറിയിട്ടുണ്ട്. കുഴി കാണുമ്പോൾ വാഹനം വെട്ടിത്തിരിക്കുന്നതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളായ അവന്യു റോഡ്, ചിക്പേട്ട് എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി നിർമാണ പ്രവൃത്തികളുടെ ഭാഗമായി നിർമിച്ച കിടങ്ങുകളിലും വെള്ളംകയറിയതോടെ ജീവൻ പണയംവച്ച് കടകളിലെത്തേണ്ട അവസ്ഥയിലാണ് ജനം.

അതേസമയം, നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ 4 അടിപ്പാതകളുടെ പ്രവേശനഭാഗങ്ങളിൽ മേൽക്കൂര സ്ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. കെആർ സർക്കിൾ, കിനോ തിയറ്റർ, കാവേരി തിയറ്റർ, കണ്ണിങ്‌ഹാം റോഡ്–സാങ്കി റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് മേൽക്കൂര സ്ഥാപിക്കുക. യു ആകൃതിയിൽ നിർമിച്ച അടിപ്പാതകളിലേക്ക് നേരിട്ട് വെള്ളം കുത്തിയൊലിക്കുന്നത് ഒരുപരിധിവരെ തടയാൻ ഇതിലൂടെ സാധിക്കുമെന്ന് ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കെആർ സർക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങിയതിനെ തുടർന്ന് യുവതി മരിച്ചിരുന്നു.

കുഴികളൊഴിയാതെ നഗരറോഡുകൾ

കനത്ത മഴയിൽ അപകടക്കെണിയായി റോഡുകളിൽ ഒട്ടേറെ കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ കുഴിയടപ്പ് നടത്തിയ ഇടങ്ങളിലാണ് ഇപ്പോൾ ടാർ പൊളിഞ്ഞ് വീണ്ടും വൻകുഴികൾ രൂപപ്പെട്ടത്. എംജി റോഡ് ഈസ്റ്റ് പരേഡ് ജംക്‌ഷനിൽ ഒഎഫ്സി കേബിൾ സ്ഥാപിക്കാൻ വേണ്ടി ഒരാഴ്ച മുൻപ് കുഴിച്ച റോഡ് മഴയിൽ ചളിക്കുളമായി മാറിയതായും പരാതിയുണ്ട്. നഗരറോഡുകളിലെ കുഴികൾ സംബന്ധിച്ച് പരാതി നൽകാൻ ഫിക്സ് മൈ സ്ട്രീറ്റ് ആപ് ഉൾപ്പെടെ ബിബിഎംപി ആരംഭിച്ചെങ്കിലും കുഴികൾക്ക് മാത്രം കുറവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com