ADVERTISEMENT

ബെംഗളൂരു∙  സബേർബൻ റെയിൽ പാതയിലെ ഇന്റർ ചേഞ്ച് സ്റ്റേഷനുകൾ മൂന്നിൽ നിന്ന് രണ്ടാക്കി കുറച്ചു. ബെന്നിഗനഹള്ളി–ചിക്കബാനവാര ഇടനാഴിയിലെ  ലൊട്ടെഗൊല്ലഹള്ളി സ്റ്റേഷനാണ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്)  ഒഴിവാക്കിയത്. യശ്വന്ത്പുര, ബെന്നിഗനഹള്ളി എന്നിവ  മാത്രമായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ, ലൊട്ടെഗൊല്ലഹള്ളി സ്റ്റേഷന് പകരം ഹെബ്ബാളിനും യശ്വന്ത്പുരയ്ക്കും ഇടയിൽ മത്തിക്കരെയിൽ പുതിയ സ്റ്റേഷൻ വരും. 

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസ്സങ്ങളാണ് ലൊട്ടെഗോല്ലഹള്ളിയിലെ  ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് കെ റൈഡ്  പിൻമാറാൻ കാരണമെന്നാണ് അറിയുന്നത്.  24.8 കിലോമീറ്റർ ദൂരം വരുന്ന പാതയിലെ 12 സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഭാവിയിൽ ജാലഹള്ളി, കാവേരിനഗർ എന്നിവിടങ്ങളിൽ കൂടി സ്റ്റേഷൻ നിർമിക്കുന്നതിന് പദ്ധതിയുണ്ട്.

നിർമാണം ഇഴയുന്നു 

2026ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സബേർബൻ റെയിൽ പദ്ധതിയുടെ  നിർമാണ പ്രവൃത്തികൾ ഒച്ചിഴയും വേഗത്തിൽ. 4 ഇടനാഴികളിലായി 148 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ചിക്കബാനവാര–ബെന്നിഗനഹള്ളി പാതയുടെ നിർമാണ പ്രവൃത്തികൾ മാത്രമാണ് ആരംഭിച്ചത്. 46.2 കിലോമീറ്റർ ദൂരം വരുന്ന ഹീലലിഗെ–രാജനകുണ്ഡെ പാതയിലെ ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾ 2 വർഷം മുൻപ് ആരംഭിച്ചിരുന്നു. 

ഇതിൽ കർമലാരാം മുതൽ ഹീലലിഗെ വരെയുള്ള  10.5 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ മാത്രമാണ് 3 മാസം മുൻപ് പൂർത്തിയായത്. മറ്റു ഇടനാഴികളായ കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41.47 കിലോമീറ്റർ), കെങ്കേരി–വൈറ്റ്ഫീൽഡ് (35.5 കിലോമീറ്റർ) പാതയുടെ ടെൻഡർ നടപടികൾ ഉൾപ്പെടെ ആരംഭിച്ചിട്ടില്ല.57  പുതിയ സ്റ്റേഷനുകളാണ് നിർമിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com