ADVERTISEMENT

ബെംഗളൂരു∙ വേനൽമഴ വിതച്ച വെള്ളക്കെട്ടിനെ മെരുക്കാൻ വലയുന്ന ബിബിഎംപി, കാലവർഷത്തെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. ബിബിഎംപി സോൺ തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിക്കാൻ ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നിർദേശം നൽകി. 

8 സോണുകളിലെയും ജോയിന്റ് കമ്മിഷണർമാർക്കാണ് ഇവയുടെ ചുമതല. ഹെൽപ് ലൈനും വാഹനങ്ങളും ഉൾപ്പെടെ അടിയന്തര സഹായത്തിനുള്ള സജ്ജീകരണം ഉറപ്പാക്കാനും  നിർദേശമുണ്ട്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 

വെള്ളക്കെട്ട് തുടർക്കഥ

ഇന്നലെ പുലർച്ചെ വരെ പെയ്ത മഴയിൽ ഔട്ടർ റിങ് റോഡിലെ ടെക് പാർക്കായ ആർഎംഎസ് ഇക്കോ സ്പേസും  വിവിധ റോ‍ഡുകളും മുങ്ങിയിരുന്നു. അടിപ്പാതകളിലെ വെള്ളക്കെട്ടിൽ  ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി.  മരങ്ങൾ കടപുഴകി വീണ പ്രദേശങ്ങളിൽ  ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. 

അപകട സാധ്യതയുള്ള മരങ്ങളും ശാഖകളും കണ്ടെത്തി മുറിച്ചു മാറ്റാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. അപകടകരമായി നിൽക്കുന്ന ഉണക്കമരങ്ങളും മരക്കൊമ്പുകളും മുറിച്ചു മാറ്റിവരികയാണ്. വരും ദിവസങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

ട്രാഫിക് പൊലീസിന് ടൂൾ ബോക്സ്

അപകട സാഹചര്യങ്ങളെ നേരിടാൻ ടൂൾ ബോക്സ് കരുതാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശമുണ്ട്. മരങ്ങൾ മുറിച്ചു മാറ്റാനുള്ള ഉപകരണങ്ങൾ, ചുറ്റിക, കയർ, ബക്കറ്റുകൾ എന്നിവ പൊലീസ് വാഹനത്തിൽ സൂക്ഷിക്കാൻ സ്പെഷൽ കമ്മിഷണർ എം.എ. സലാം നിർദേശിച്ചു. 

രക്ഷാ പ്രവർത്തനങ്ങളിൽ ബിബിഎംപി ഉദ്യോഗസ്ഥർക്കു ഒപ്പം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളാകണം. കെആർ സർക്കിൾ അടിപ്പാതയിൽ വെള്ളക്കെട്ടിൽ മുങ്ങി ഐടി ജീവനക്കാരി മരിച്ചതു ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കരുതൽ നടപടികൾ. 

മഴവെള്ളച്ചാൽ ശൃംഖല വ്യാപിപ്പിക്കണം 

വെള്ളക്കെട്ടിനു പരിഹാരം കാണാൻ 658 കിലോമീറ്റർ കൂടി  മഴവെള്ളച്ചാലുകൾ നഗരത്തിൽ ആവശ്യമുണ്ടെന്ന്  സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട്. നിലവിൽ 842 കിലോമീറ്ററാണ് മഴവെള്ള ചാൽ സംവിധാനമുള്ളത്. ഇതു 1500 കിലോമീറ്ററായി വർധിപ്പിക്കുന്നതിലൂടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ഇതിനായി 2800 കോടി രൂപ വേണ്ടിവരുമെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.  കഴിഞ്ഞ ബജറ്റിൽ നഗരത്തിലെ മഴവെള്ളക്കനാലുകൾ നവീകരിക്കാൻ ലോകബാങ്കിന്റെ സഹായത്തോടെ 3000 കോടി രൂപ അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com