ADVERTISEMENT

ബെംഗളൂരു∙ ക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര നടപ്പിലാക്കിയ സിദ്ധരാമയ്യ സർക്കാരിന്റെ നടപടിക്കു നിറഞ്ഞ കയ്യടി. 4 ആർടിസികളുടെ 94% ബസുകളിൽ സൗജന്യ യാത്രയ്ക്ക് ‘ശക്തി’ പദ്ധതിയിലൂടെ അവസരം ഒരുങ്ങും. കർണാടക ആർടിസിക്കു പുറമേ, ബിഎംടിസി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി, കല്യാണ കർണാടക ആർടിസി എന്നീ കോർപറേഷനുകളാണ് സർക്കാരിനു കീഴിലുള്ളത്.  

ജോലിക്കും പഠനത്തിനുമായി ബിഎംടിസി ബസുകളെ ആശ്രയിക്കുന്ന ബെംഗളൂരു നഗരത്തിലെ ലക്ഷക്കണക്കിനു സ്ത്രീകൾക്കും പദ്ധതി ഗുണം ചെയ്യും. ദിവസവും രണ്ടും അതിലേറെയും ബസുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. കൂടുതൽ പേരെ പൊതുഗതാഗത മാർഗങ്ങളിലേക്കു ആകർഷിക്കാനും ഇതിലൂടെ നിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സർക്കാരിന്റെ ‘ശക്തി’പദ്ധതി സഹായിച്ചേക്കും. 

വേണം കൂടുതൽ ബസുകൾ

ബിഎംടിസി ബസുകളിൽ തിരക്കേറുമെന്നതിനാൽ സുഖയാത്ര ഉറപ്പുവരുത്താനായി സർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വരും. മിക്ക റൂട്ടുകളിലും രാത്രി 9നു ശേഷം യാത്രാക്ലേശം രൂക്ഷമാണ്. കർണാടക ആർടിസി ബസുകളിൽ 50 ശതമാനം സീറ്റുകൾ പുരുഷന്മാർക്കായി നീക്കി വയ്ക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിഎംടിസി ബസുകളിൽ ഇത്തരം സംവരണം ഉണ്ടാകാനിടയില്ല. 

‘മര്യാദ’യാത്രയ്ക്കു പരിശീലനം

ഗതാഗത ചട്ടങ്ങൾ പാലിച്ചുള്ള ഡ്രൈവിങ്ങും യാത്രക്കാരോടു മാന്യമായ പെരുമാറ്റവും ഉറപ്പാക്കാൻ ജീവനക്കാർക്കു പരിശീലനത്തിനു തുടക്കമിട്ട് ബിഎംടിസി. ജീവനക്കാരെ 300 പേരുടെ സംഘങ്ങളായി തിരിച്ചാണ് പരിശീലനം. 29,000ൽ അധികം ജീവനക്കാരാണ് ബിഎംടിസിയിലുള്ളത്. ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 1.4 കോടി രൂപ ട്രാഫിക് പൊലീസ് ബിഎംടിസിക്ക് അടുത്തിടെ പിഴയിട്ടിരുന്നു. 

മൊബിലിറ്റി കാർഡ് വൈകും 

നമ്മ മെട്രോ യാത്രയ്ക്ക് ഉപകാരപ്രദമായ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിച്ച് ബിഎംടിസി ബസിൽ  യാത്ര ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടി വരും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറച്ചു സമയം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബിഎംടിസി എം.ഡി. ജി. സത്യവതി പറഞ്ഞു.

ഗുണഭോക്താക്കൾ അറിയാൻ

∙ കഴിഞ്ഞ 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി 10% കൂടി ആനുകൂല്യം നൽകിയാണ് വീടൊന്നിന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജൂലൈ വരെയുള്ള കുടിശിക അടച്ചു തീർത്തിരിക്കണം. 

∙ ഗൃഹലക്ഷ്മി പദ്ധതി പ്രകാരം ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം ആനുകൂല്യം ലഭിക്കുന്നതിന് ഇവരുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഈ മാസം 15 മുതൽ ജൂലൈ 15 വരെ അപേക്ഷിക്കാം.

∙ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും ലഭിക്കുന്ന യുവനിധി പദ്ധതിക്ക്  2022–23ൽ പാസായവർക്കാണ് അർഹത. 18–25 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

നോൺ എസി ബസ് കൂട്ടണം: പഞ്ചമി, വൈറ്റ്ഫീൽഡ് 

"ഐടിപിഎൽ ഉൾപ്പെടെ ടെക് മേഖലകളിൽ‍ വജ്ര എസി ബസുകളാണ് കൂടുതലായി  സർവീസ് നടത്തുന്നത്. സൗജന്യയാത്രയുടെ ഗുണഫലം ഐടി ജീവനക്കാർക്കുകൂടി ലഭിക്കാൻ ഈ മേഖലകളിലെ നോൺ എസി ബസുകളുടെ എണ്ണം വർധിപ്പിക്കണം."

നടപടികൾ എളുപ്പമാക്കണം: ശ്രീദേവി, സിൽവേപുര

"പ്രതിമാസം 1050 രൂപയുടെ പാസെടുത്താണ് നിലവിൽ ജോലിക്കായി നിത്യയാത്ര ചെയ്യുന്നത്. ഇതു സൗജന്യമാകുമെന്നത് വലിയ ആശ്വാസമാണ്. സൗജന്യ യാത്രയ്ക്കായുള്ള തിരിച്ചറിയൽ കാർഡ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സൗകര്യപ്രദമാക്കാൻ അധികൃതർ മുൻകൈയ്യെടുക്കണം. "

                               

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com