ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോയിലെ ക്യുആർ കോഡ് ടിക്കറ്റ് സംവിധാനത്തിലെ അപാകത തുടരുന്നതോടെ വലഞ്ഞ് യാത്രക്കാർ.  രാജാജിനഗർ, അത്തിഗുപ്പെ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ക്യുആർ കോഡുകൾ പരിശോധിക്കാൻ ഓട്ടമാറ്റിക് ഫെയർ കളക്‌ഷൻ (എഎഫ്സി) ഗേറ്റുകളിൽ സ്ഥാപിച്ച സ്കാനറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യുവിനും ചില്ലറ പ്രശ്നത്തിനും പരിഹാരം കാണാൻ ലക്ഷ്യമിട്ടാണു കഴിഞ്ഞ നവംബറിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്.

വാട്സാപ്, നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ  ഓൺലൈനായി പണം അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ എഎഫ്സി ഗേറ്റുകളിൽ സ്കാൻ ചെയ്താണ് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കേണ്ടത്. എന്നാൽ ഗേറ്റുകളിലെ സ്കാനറുകളെല്ലാം പ്രവർത്തിക്കാത്തതോടെ കൂടുതൽ സമയം ഇതിനായി ചെലവഴിക്കേണ്ടി വരുന്നു.

സമയലാഭത്തിനായി കൊണ്ടുവന്ന സംവിധാനം സമയനഷ്ടമുണ്ടാക്കുന്നതായാണ് യാത്രക്കാരുടെ പരാതി. എന്നാൽ തിരക്കേറിയ സമയങ്ങളിൽ സെർവർ സാങ്കേതിക പ്രശ്നമാണ് ഇതിനു കാരണമെന്നാണ് ബിഎംആർസിയുടെ വിശദീകരണം. ഇതു പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.

ജനപ്രിയം ക്യുആർ കോഡ് ടിക്കറ്റുകൾ

ടോക്കണുകൾക്കു പകരം വന്ന ക്യുആർ കോഡ് ടിക്കറ്റുകൾക്കു യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധാനം ആരംഭിച്ചപ്പോൾ 2.1 ലക്ഷം പ്രതിമാസ യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാൽ മാർച്ചിൽ ഇതു 6.6 ലക്ഷമായി ഉയർന്നു. എളുപ്പത്തിൽ ടിക്കറ്റ് എടുക്കാമെന്നതും 5 ശതമാനം ഇളവ് ലഭിക്കുമെന്നതുമാണ് കൂടുതൽ പേരെ ക്യുആർ ടിക്കറ്റുകളിലേക്കു ആകർഷിക്കുന്നത്. 

എന്നാൽ നമ്മ മെട്രോ യാത്രയ്ക്കായി കൂടുതൽ പേരും  സ്മാർട് കാർഡ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.  യാത്രക്കാരിൽ 60 ശതമാനത്തിലേറെ സ്മാർട് കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. 35 ശതമാനം പേർ ടോക്കണും 5 ശതമാനം പേർ ക്യുആർകോഡ് ടിക്കറ്റിനെയും ആശ്രയിക്കുന്നു.

ശുദ്ധവായു നൽകി പുതിയ പാത

കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോ വന്നതോടെ മേഖലയിലെ വായുമലിനീകരണ തോത് കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോർഡ്. മാർച്ച് 26നാണ് പാതയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിച്ചത്. മേയ് മാസത്തിൽ മേഖലയിലെ വായുമലിനീകരണ തോതിൽ ഗണ്യമായ മാറ്റത്തിനു ഇതു കാരണമായി. മലിനീകരണ സൂചിക 50ൽ താഴെ എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ശരാശരി 28,000 പേരാണ് പാതയിലെ പ്രതിദിന യാത്രക്കാർ. കെആർപുരത്തേയും ബയ്യപ്പനഹള്ളിയെയും ബന്ധിപ്പിച്ചുള്ള 2.5 കിലോമീറ്റർ പാതയിൽ ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കുന്നതോടെ ഇതു 1.25 ലക്ഷമായി വർധിക്കുമെന്നാണ് ബിഎംആർസിയുടെ പ്രതീക്ഷ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com