ADVERTISEMENT

ബെംഗളൂരു∙ കാലവർഷത്തെ തുടർന്ന് ബെലന്തൂരിലെ വിഷപ്പത വീണ്ടും തലവേദനയാകുമെന്ന പ്രദേശവാസികളുടെ ആശങ്കകൾക്കിടെ, മലിനജലം വേണ്ടത്ര ശുദ്ധീകരിക്കാതെ ഒഴുക്കുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ് സി) പഠനം.

ഡിറ്റർജന്റുകൾ, സോപ്പ്, ഷാംപു എന്നിവയുടെ അംശം തടാക ജലത്തിൽ വ്യാപകമായി കലരുന്നതായി ഐഐഎസ്‌സി സെന്റർ ഫോർ സസ്റ്റെയിനബിൾ ടെക്നോളജീസിലെ ഗവേഷകർ കണ്ടെത്തി. തടാകത്തിലെ വിഷപ്പത നുരഞ്ഞു പൊങ്ങി സമീപ പ്രദേശങ്ങളിലേക്ക് പടർന്ന് തീപിടിക്കുക, ഗതാഗതം മുടങ്ങുക എന്നീ പ്രശ്നങ്ങളുമുണ്ട്.

കോടികൾ മുടക്കിയിട്ടും ഫലമില്ല

നഗരത്തിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂരിന്റെ പുനരുജ്ജീവനത്തിന് കോടികൾ ചെലവഴിച്ച് പദ്ധതികൾ നടപ്പിലാക്കിയിട്ടും മലിനജലം ഒഴുക്കുന്നത് നിയന്ത്രിക്കാനായില്ല. സമീപത്തെ വർത്തൂർ തടാകത്തിന്റെ അവസ്ഥയും വിഭിന്നമല്ല. തടാകതീരത്തെ രാസമാലിന്യങ്ങൾ ഒഴുക്കുന്ന, വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഡൈയിങ് യൂണിറ്റുകളും മറ്റും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഇടപെട്ട് പൂട്ടിച്ചിരുന്നു. 

അപ്പാർട്മെന്റ് കോംപ്ലക്സുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർബന്ധമാക്കിയെങ്കിലും ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് ഇവ കാര്യക്ഷമായി നടപ്പിലാക്കിയത്. തടാക തീരങ്ങളിൽ 75 മീറ്റർ തണ്ണീർത്തടം (ബഫർ സോൺ) നിലനിർത്തണമെന്ന നിർദേശവും വേണ്ടവിധം നടപ്പാക്കിയിട്ടില്ല. തടാക സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ബിബിഎംപിക്ക് കനത്ത തുകയാണ് കഴി‍ഞ്ഞ വർഷങ്ങളിൽ ട്രൈബ്യൂണൽ പിഴ ചുമത്തിയത്.

പ്രേതനഗരമാകുമോ ബെംഗളൂരു?

വരും വർഷങ്ങളിൽ ശുദ്ധജലം വറ്റിവരണ്ട് ആവാസയോഗ്യമല്ലാതാകുന്ന ലോകത്തെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു എത്തുമെന്നാണു വിലയിരുത്തൽ. നഗര, ഗ്രാമ ജില്ലകളിലായി വ്യാപിച്ചു കിടന്നിരുന്ന 837 തടാകങ്ങളിൽ 744 എണ്ണവും കയ്യേറ്റക്കാരുടെ പിടിയിലാണെന്ന് നേരത്തെ കർണാടക തടാക സംരക്ഷണ വികസന അതോറിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com