നിർദേശം നൽകി വിദഗ്ധ സമിതി; മെട്രോയ്ക്ക് 3 റൂട്ടുകൾ കൂടി

Mail This Article
ബെംഗളൂരു∙ നഗരത്തിൽ 3 പുതിയ മെട്രോ പാതകൾക്കുള്ള നിർദേശവുമായി വിദഗ്ധ സമിതി. എംജി റോഡ്–ഹോപ്പ്ഫാം, കെആർ പുരം –ഹൊസ്കോട്ട, ഇന്നർ റിങ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാതകൾ. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) യാണ് പുതിയ പാതകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മെട്രോ 3,4 ഘട്ടങ്ങൾക്കായാണ് പുതിയ 3 റൂട്ടുകൾ നിർദേശിച്ചത്.
2032നകം നഗരത്തിലെ താമസിക്കുന്നവർക്ക് 1–2 കിലോമീറ്ററിനുള്ളിൽ മെട്രോ സ്റ്റേഷനുകളിൽ എത്താൻ സാധിക്കുന്ന തരത്തിലാണ് റൂട്ട് നിശ്ചയിച്ചത്. മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജെപി നഗർ ഫോർത്ത് ഫെയ്സ്–കെംപാപുര, ഹൊസഹള്ളി–കഡംബഗരെ പാതകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയിരിക്കുകയാണ്.
സുരക്ഷ കമ്മിഷണർ റിപ്പോർട്ട് നാളെ സമർപ്പിക്കും
ബയ്യപ്പനഹള്ളി–കെആർ പുരം പാത പരിശോധിച്ച റെയിൽവേ സുരക്ഷ കമ്മിഷണർ നാളെ റിപ്പോർട്ട് നൽകും. 29നുള്ളിൽ സർവീസ് ആരംഭിക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയായി. കെങ്കേരി–ചല്ലഘട്ട പാതയുടെ സുരക്ഷ പരിശോധന തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ഈ പാതയുടെ ഉദ്ഘാടനം പിന്നീട് നടത്തും.
മജസ്റ്റിക് സ്റ്റേഷനിൽ കൂടുതൽ ഇരിപ്പിടം വേണം
നമ്മ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ മജസ്റ്റിക് കെംപെഗൗഡ ഇന്റർ ചേഞ്ച് സ്റ്റേഷനിൽ കൂടുതൽ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യം. പ്രായമായവരും ഗർഭിണികളുമാണ് ഇരിപ്പിടം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. പർപ്പിൾ, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന മജസ്റ്റിക് സ്റ്റേഷനെ മാത്രം പ്രതിദിനം 1–2 ലക്ഷം പേർ ആശ്രയിക്കുന്നുണ്ട്.
പരിഗണനയിലുള്ള റൂട്ടുകൾ
∙ എംജി റോഡ്–ഹോപ്ഫാം (ഓൾഡ് എയർപോർട്ട് റോഡ്, മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി)
∙ കെആർ പുരം –ഹൊസ്കോട്ടെ (ഓൾ മദ്രാസ് റോഡ് വഴി)
∙ ഇന്നർ റിങ് റോഡ് (യശ്വന്തപുര, കന്റോൺമെന്റ്, കോറമംഗല, അശോകപില്ലർ, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച്)