നീളെ നീളെ മേൽപാലം പണി; ബയ്യപ്പനഹള്ളിയിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നില്ല

Mail This Article
ബെംഗളൂരു∙ ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്കു (എസ്എംവിടി) യാത്രാസൗകര്യം ഒരുക്കുന്നതിൽ ബിബിഎംപി അലംഭാവം തുടരുന്നു. ബാനസവാടി റോഡ് ഐഒസി ജംക്‌ഷനിൽ 345 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന മേൽപാലം പദ്ധതി നഗരവികസന വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലായി.
ജൂലൈയിലെ ബജറ്റിൽ 263 കോടിരൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. പാലം നിർമാണത്തിന് ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി നേരത്തെ ലഭിച്ചെങ്കിലും നഗരവികസന വകുപ്പ് ഇടങ്കോലിടുകയാണെന്നാണ് ബിബിഎംപി വാദം. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
2022 ജൂൺ ആദ്യവാരം പ്രവർത്തനം തുടങ്ങിയ രാജ്യത്തെ ആദ്യ എസി റെയിൽവേ ടെർമിനലിൽ നിന്ന് നിലവിൽ കേരളത്തിലേക്ക് ഉൾപ്പെടെ 40–45 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. വാഹന പാർക്കിങ്ങിന് ഉൾപ്പെടെ വിശാലമായ സൗകര്യം ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഐഒസി ജംക്‌ഷനിലെ റോഡിന്റെ വീതികുറവ് കാരണമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് മേൽപാലം പദ്ധതികൊണ്ടു ലക്ഷ്യമിടുന്നത്.
വരുന്നത് 3 മേൽപാല റാംപുകൾ
ഐഒസി ജംക്‌ഷനിലെ നിലവിലെ റെയിൽവേ മേൽപാലം പൊളിച്ചുനീക്കി നഗരത്തിന്റെ 4 ഭാഗത്ത് നിന്ന് വരുന്നവർക്കും ടെർമിനലിലേക്ക് നേരിട്ട് എത്താൻ കഴിയുന്ന രീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. മാരുതിസേവാ നഗർ, കമ്മനഹള്ളി, ബയ്യപ്പനഹള്ളി, ബാനസവാടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് 4 മേൽപാല റാംപുകൾ വഴി ടെർമിനലിലെ പാർക്കിങ് സ്ഥലത്തെത്താം. ഓൾഡ് മദ്രാസ് റോഡിൽ നിന്ന് വരുന്നവർക്ക് ജീവനഹള്ളി മേൽപാലം വഴി ടെർമിനലിലേക്ക് എത്താൻ നിലവിൽ സൗകര്യമുണ്ട്. പുതുതായി 4 വരി റോഡും ഇവിടെ നിർമിച്ചിരുന്നു.