മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ; പുനർനിർമാണം കാണുന്നില്ലേ?
Mail This Article
ബെംഗളൂരു∙ മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചു നീക്കിയ അനധികൃത നിർമാണങ്ങൾ ഉടമകൾ പുനർ നിർമിക്കുന്നതിനെതിരെ ബിബിഎംപി നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകം. നഗരത്തിലെ തീരാദുരിതമായ വെള്ളക്കെട്ടിനു പരിഹാരം കാണാനാണ് മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹഗദൂരിലെ ഷീലവന്ത തടാകത്തിനു സമീപം മഴവെള്ളക്കനാൽ കയ്യേറി നിർമിച്ച റോഡിന്റെ ഭാഗം ബിബിഎംപി അധികൃതർ പൊളിച്ചു നീക്കിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഈ പ്രദേശം മുങ്ങിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ കഴിഞ്ഞ ദിവസം ഉടമകൾ ഇതു വീണ്ടും നിർമിക്കുകയായിരുന്നു.
ഉടമകൾ കോടതിയെ സമീപിച്ചതിനാൽ കയ്യേറ്റം പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബിബിഎംപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഘവേന്ദ്ര പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പുനർനിർമിക്കുന്നതു നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഏകോപനം ഇല്ലാതെയാണ് ബിബിഎംപി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതെന്ന് ഹൈക്കോടതി ഉൾപ്പെടെ നേരത്തേ വിമർശിച്ചിരുന്നു. നിയമപരിരക്ഷ ഉറപ്പാക്കാതെയാണ് ഒഴിപ്പിക്കൽ നടപടികളെന്നായിരുന്നു വിമർശനം.
3 മാസത്തിനിടെ 1134 കയ്യേറ്റങ്ങൾ
അതിനിടെ കഴിഞ്ഞ 3 മാസത്തിനിടെ പുതുതായി കണ്ടെത്തിയ 1134 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിബിഎംപി. ഇതിനായി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്കു തഹസിൽദാർ ഉടൻ നോട്ടിസ് നൽകും. റവന്യു വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ മുൻപ് കണ്ടെത്തിയ കയ്യേറ്റങ്ങളിലെ ഭൂരിഭാഗവും ഉടമകൾ കോടതിയെ സമീപിച്ചതോടെ പൊളിച്ചു നീക്കാനാകാത്ത സ്ഥിതിയുണ്ട്. ഉടമകളുമായി അനുനയത്തിലെത്തി ദൗത്യം തുടരാനാണ് ബിബിഎംപി ശ്രമിക്കുന്നത്.