മൊബിലിറ്റി കാർഡിനോട് മുഖംതിരിച്ച് ബിഎംടിസി

Mail This Article
ബെംഗളൂരു ∙ പൊതുഗതാഗത മാർഗങ്ങളിൽ ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര നടത്താൻ അവസരം ഒരുക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) സ്വീകരിക്കാൻ ബിഎംടിസി നടപടികൾ എടുക്കാത്തതിനെതിരെ വിമർശനം.
യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ എൻസിഎംസി കാർഡിന്റെ ഉപയോഗം വർധിപ്പിക്കാൻ ബിഎംആർസി നടപടികൾ ഊർജിതമാക്കുന്നതിനിടെയാണ് ബിഎംടിസി പിന്തിരിഞ്ഞു നിൽക്കുന്നത്.
എൻസിഎംസി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ നടപടികൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നാണ് ബിഎംടിസി അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി കരാർ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
ഓഗസ്റ്റിലാണ് ആർബിഎൽ ബാങ്കുമായി സഹകരിച്ച് എൻസിഎംസി കാർഡ് ബിഎംആർസി പുറത്തിറക്കിയത്. എന്നാൽ ബിഎംടിസി ഇതു സ്വീകരിക്കാൻ തയാറാകാതെ വന്നതോടെ കാർഡുകളുടെ വിൽപനയെ ബാധിച്ചിരുന്നു. പ്രതിദിനം അഞ്ഞൂറോളം പേർ മാത്രമാണ് മെട്രോ യാത്രയ്ക്കായി എൻസിഎംസി കാർഡ് ഉപയോഗിക്കുന്നതെന്ന കണക്കുകൾ ബിഎംആർസി പുറത്തുവിട്ടിട്ടുണ്ട്.
ഫീഡർ യാത്ര സുഖപ്രദമാക്കും
നമ്മ മെട്രോ പർപ്പിൾ ലൈനിൽ പൂർണമായും സർവീസ് ആരംഭിച്ചതിനു പിന്നാലെ ഫീഡർ സർവീസുകളുടെ എണ്ണം ബിഎംടിസി വർധിപ്പിച്ചിരുന്നു. അതിനാൽ എൻസിഎംസി കാർഡുകൾ ബിഎംടിസി സ്വീകരിക്കുന്നത് ഫീഡർ ബസുകളിലേക്കു കൂടുതൽ പേരെ ആകർഷിക്കും. ഒപ്പം ടിക്കറ്റിനായി ചില്ലറ തേടേണ്ട പ്രശ്നവും കാർഡുകൾ വരുന്നതോടെ പരിഹരിക്കപ്പെടും.
രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളായി ഇവ ഉപയോഗിക്കാം. മാളുകളിൽ ഉൾപ്പെടെ ഷോപ്പിങ് നടത്താം. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും ടോൾ, പാർക്കിങ് ഫീ എന്നിവ നൽകാനുമാകും.
ആകർഷകമായ വിലക്കിഴിവ് ഉൾപ്പെടെ ഇരുനൂറിലധികം ഓഫറുകൾ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കു ലഭിക്കും.