ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് പാതയിലൂടെ (എൻഎച്ച്– 275) പോകുന്ന കേരള ആർടിസി ബസുകളുടെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തുന്നു.  കെങ്കേരി ബിഎംടിസി ബസ് ടെർമിനലിലും ബിഡദി കണമിണിക്കെ ടോൾ ബൂത്തിനു സമീപവുമാണ് പുതുതായി ബോർഡിങ് പോയിന്റുകൾ വരുന്നത്. 

നിലവിലെ കെങ്കേരി പൊലീസ് സ്റ്റേഷൻ, ഐക്കൺ കോളജ് ബോർഡിങ് പോയിന്റുകൾക്ക് പകരമാണിത്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർടിസി നടപടി ആരംഭിച്ചത്. പുതിയ ബോർഡിങ് പോയിന്റുകൾക്ക് ഓപ്പറേഷൻസ് വിഭാഗം അംഗീകരിക്കുന്നതോടെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ മാറ്റം നടപ്പിലാകും. 

മണ്ഡ്യയിൽ ബോർഡിങ് പോയിന്റ് തുടരും 

മലബാറിലേക്കും തെക്കൻ കേരളത്തിലേക്കും മൈസൂരു വഴി കടന്നുപോകുന്ന ബസുകൾക്ക് 8 ഇടങ്ങളിലാണ് കേരള ആർടിസി നേരത്തെ ബോർഡിങ് പോയിന്റ് അനുവദിച്ചിരുന്നത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനൽ കഴിഞ്ഞാൽ കെങ്കേരി പൊലീസ് സ്റ്റേഷൻ, രാജരാജേശ്വരി മെഡിക്കൽ കോളജ്, ഐക്കൺ കോളജ്, ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലായിരുന്നു ബോർഡിങ് പോയിന്റ്. എക്സ്പ്രസ് വേ തുറന്നതോടെ ബസുകൾ തിരക്കേറിയ ടൗണുകൾ ഒഴിവാക്കി മേൽപാലങ്ങളിലൂടെയും ബൈപാസിലൂടെയുമാണ് രണ്ടര മണിക്കൂർ കൊണ്ട് മൈസൂരുവിലെത്തുന്നത്.

ബിഡദി, രാമനഗര, ചന്നപട്ടണ, ശ്രീരംഗപട്ടണ ബോർഡിങ് പോയിന്റുകൾ നേരത്തെ തന്നെ നീക്കിയിരുന്നു. ഇതേസമയം മണ്ഡ്യ ബോർഡിങ് പോയിന്റ് നിലനിർത്തും. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ  മണ്ഡ്യയിൽ മാത്രമാണ് കേരള ആർടിസിക്ക് ഫെയർ സ്റ്റേജുള്ളത്. 

സ്പെഷൽ ബസിലും ടിക്കറ്റില്ല 

ക്രിസ്മസ്, പുതുവർഷ തിരക്കിൽ കേരള, കർണാടക ആർടിസി സ്പെഷൽ ബസുകളിലെ ടിക്കറ്റുകളും തീരുന്നു. 22,23 തീയതികളിലാണ് കൂടുതൽ തിരക്ക്. 22ന് മാത്രം 16 സ്പെഷൽ ബസുകളാണ് കേരള ആർടിസി അനുവദിച്ചിരിക്കുന്നത്. ഇതിലെ ടിക്കറ്റുകൾ തീർന്നതോടെ കൂടുതൽ ബസുകൾ വരും ദിവസങ്ങളിൽ അനുവദിക്കും. സ്െപഷൽ ബസുകളിൽ 30 ശതമാനം അധിക ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി 23 സ്പെഷൽ ബസുകളിലും ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഭൂരിഭാഗവും എസി ബസുകളാണ്. സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുന്നത്. 

ശബരിമല സ്പെഷൽ ട്രെയിനിലും ടിക്കറ്റില്ല

ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കോട്ടയം ശബരിമല പ്രതിവാര സ്പെഷൽ ട്രെയിനിലും ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ശനിയാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 23നാണ് തിരക്ക് കൂടുതൽ. ചൊവ്വാഴ്ചകളിൽ പുറപ്പെടുന്ന ഹുബ്ബള്ളി–കോട്ടയം സ്പെഷൽ ട്രെയിനിൽ ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. ബെംഗളൂരുവിൽ ചിക്കബാനവാര, ബയ്യപ്പനഹള്ളി എസ്എംവിടി, കെആർപുരം, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

 മെട്രോയിലെത്താം 

കെങ്കേരി ബിഎംടിസി ബസ് ടെർമിനലിനോട് ചേർന്ന് തന്നെ മെട്രോ സ്റ്റേഷനുമുള്ളത് യാത്രക്കാർക്കു കൂടുതൽ സൗകര്യപ്രദമാകും. രാജരാജേശ്വരി മെഡിക്കൽ കോളജിനോട് ചേർന്നാണ് ചല്ലഘട്ടെ മെട്രോ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. വൈറ്റ്ഫീൽഡ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഗതാഗതക്കുരുക്കിൽപെടാതെ കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കും. 

ബോർഡിങ് പോയിന്റുകൾ വെട്ടി കർണാടക ആർടിസിയും 

എക്സ്പ്രസ് വേ തുറന്നതോടെ കർണാടക ആർടിസിയുടെ മൈസൂരു വഴി കേരളത്തിലേക്കുള്ള ബസുകളുടെ ബോർഡിങ് പോയിന്റുകൾ നേരത്തെ തന്നെ മാറ്റിയിരുന്നു. ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ബസുകൾക്ക് സാറ്റലൈറ്റ്, രാജരാജേശ്വരി നഗർ ആർച്ച്, കെങ്കേരി ബസ് ടെർമിനൽ എന്നിവിടങ്ങളിൽ മാത്രമാണ് ബോർഡിങ് പോയിന്റ്, ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ ബോർഡിങ് പോയിന്റുകളാണ് ഒഴിവാക്കിയത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com