ADVERTISEMENT

ബെംഗളൂരു∙ കാട്ടാനയുടെ ആക്രമണത്തിൽ ദസറ ജംബോ സവാരി ആനയായ അർജുനയ്ക്ക് ദാരുണാന്ത്യം. ഹാസൻ സകലേശ്പുര യെസലൂരിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യത്തിനിടെ ഇന്നലെ രാവിലെയാണു സംഭവം. 

മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടോടിയ കാട്ടാനയെ തടയുന്നതിനിടെയാണ് അർജുനയ്ക്കു കുത്തേറ്റത്. അർജുനയെ കൂടാതെ സംഘത്തിലുണ്ടായിരുന്ന മറ്റ് 3 ആനകളെയും കാട്ടാന ആക്രമിച്ചു. ഹാസൻ ബെല്ലെ ആനസംരക്ഷണ കേന്ദ്രത്തിൽ നിന്ന് നവംബർ 23 നാണ് അർജുനയെ സകലേശ്പുരയിലെത്തിച്ചത്. 

തുടർച്ചയായ 22 വർഷം ദസറ ജംബോ സവാരിയിൽ പങ്കെടുത്ത 64 വയസ്സുകാരായ അർജുന 2012 മുതൽ 2019 വരെ ചാമുണ്ഡിദേവിയുടെ സുവർണഹൗഡ പല്ലക്കിലേറ്റുന്ന അംബാരി ആനയായി സവാരിക്ക് നേതൃത്വം നൽകി. 5840 കിലോ ഭാരവും 2.95 മീറ്റർ ഉയരവുമുള്ള അർജുനയെ 60 വയസ്സ് പിന്നിട്ടതോടെയാണ് അംബാരി ആന സ്ഥാനത്ത് നിന്ന് മാറ്റിയത്. 

ഇക്കഴിഞ്ഞ ദസറ സവാരിയിൽ പങ്കെടുത്തതിൽ ഏറ്റവും പ്രായം കൂടിയ ആനയായിരുന്നു അർജുന. 1996ൽ കുളിപ്പിക്കുന്നതിനിടെ പാപ്പാൻ അണ്ണയ്യയെ ചവിട്ടിക്കൊന്നതോടെ ഇടക്കാലത്ത് ഒറ്റയ്ക്ക് പാർപ്പിച്ചിരുന്നു. 1968ൽ നാഗർഹോളെ വനത്തിലെ കേക്കനകൊട്ടയിൽ നിന്നാണ് അർജുനയെ വനംവകുപ്പ് പിടികൂടുന്നത്. നാട്ടിലിറങ്ങുന്ന ആന, കടുവ എന്നിവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യസംഘങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന അർജുനയെ കാണാൻ മാത്രം ദസറവേളയിൽ ആനപ്രേമികൾ മൈസൂരുവിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com