ADVERTISEMENT

ബെംഗളൂരു∙ കെആർ പുരത്ത് നമ്മെ മെട്രോ സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനടമേൽപാലത്തിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങി. നമ്മ മെട്രോ വൈറ്റ്ഫീൽഡ് പാത കൂടി തുറന്നതോടെ തിരക്കേറിയ കെആർപുരത്ത് കാൽനടമേൽപാലം അത്യാവശ്യമായിരുന്നു. 

കെആർ പുരം–വിമാനത്താവള പാതയുടെ ഇന്റർചേഞ്ച് സ്റ്റേഷനോട് ചേർന്നാണ് മേൽപാലം നിർമിക്കുന്നത്. എന്നാൽ ഇന്റർചേഞ്ച് സ്റ്റേഷന്റെ ടെർമിനൽ ഭാഗത്തിന്റെ നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാൽനട മേൽപാലവും പാതി വഴിയിൽ മുടങ്ങിയത്. റോഡിന് കുറുകെയുള്ള പാലവും കെആർ പുരം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള പാലത്തിന്റെ ചവിട്ടുപടിയും മാത്രമാണ് പൂർത്തിയായത്.

തിരക്കേറിയ ബെംഗളൂരു–കോലാർ ദേശീയപാത കടന്നുവേണം മെട്രോ, റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്താൻ. മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ ഇവിടെ തിരക്ക് ഇരട്ടിയായി. പാലം നിർമാണത്തിനായി ദക്ഷിണ പശ്ചിമ റെയിൽവേ കെആർ പുരം സ്റ്റേഷനോട് ചേർന്ന് ബിഎംആർസിഎല്ലിന് സ്ഥലവും വിട്ടുനൽകിയിരുന്നു. 

ഡിജിറ്റൽ ലോക്കർ കൂടുതൽ സ്റ്റേഷനുകളിൽ  
നഗരത്തിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കാവുന്ന ഡിജിറ്റൽ ലോക്കർ സംവിധാനം വ്യാപിപ്പിക്കുന്നു. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിൽ മാത്രമായുണ്ടായിരുന്ന ഡിജിറ്റൽ ലോക്കർ യശ്വന്തപുര, ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകളിലും ആരംഭിച്ചു.

സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണു യാത്രക്കാർക്കു ലഗേജുകൾ പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ സ്മാർട്ട് ലഗേജ് ലോക്കർ സംവിധാനം ഏർപ്പെടുത്തിയത്. ഇടത്തരം ലോക്കറിന് 6 മണിക്കൂറിന് 40 രൂപയും ഒരു ദിവസത്തേക്ക് 80 രൂപയും വലിയ ലോക്കറിന് 6 മണിക്കൂറിന് 120 രൂപയും ഒരു ദിവസത്തേക്ക് 240 രൂപയുമാണ് നിരക്ക്. ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ പേയ്മെന്റ് സൗകര്യം എന്നിവ ലഭ്യമാണ്. 

മുലയൂട്ടൽ കേന്ദ്രം ആരംഭിക്കും
കെഎസ്ആർ ബെംഗളൂരു ഉൾപ്പെടെയുള്ള 5 സ്റ്റേഷനുകളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ. യശ്വന്തപുര, കെആർ പുരം, ബയ്യപ്പനഹള്ളി എസ്എംവിടി, ധർമപുരി  വനിതാ വിശ്രമമുറിയോട് ചേർന്നാണ് നഴ്സിങ് പോഡ് എന്ന പേരിൽ കേന്ദ്രങ്ങൾ നിർമിക്കുന്നത്. 

മെട്രോ ക്യുആർ കോഡ് ടിക്കറ്റ് ഒഎൻഡിസിയിലേക്കും
ബെംഗളൂരു∙ മെട്രോ ക്യുആർ കോഡ് ടിക്കറ്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഓപ്പൺ നെറ്റ്‌വർക് ഫോർ ഡിജിറ്റൽ കൊമേഴ്സിലും (ഒഎൻഡിസി) ലഭ്യമാക്കാൻ ബിഎംആർസി നടപടി ആരംഭിച്ചു. അടുത്ത വർഷം ഏപ്രിൽ മുതലാകും നിലവിൽ വരിക. ഇതോടെ ഒഎൻഡിസിയുടെ ഭാഗമായ ആപ്പുകളിൽ നിന്നു ക്യുആർ കോഡ് ടിക്കറ്റുകളെടുക്കാൻ യാത്രക്കാർക്കു കഴിയും. നിലവിൽ വാട്സാപ്, നമ്മ മെട്രോ, പേയ്ടിഎം ഉൾപ്പെടെയുള്ള ആപ്പുകളിലൂടെയാണ് ടിക്കറ്റെടുക്കാൻ കഴിയുക. 

മെട്രോ സ്മാർട് കാർഡുകൾ റീചാർജ് ചെയ്യാനും ഒഎൻഡിസിയിലൂടെ കഴിയും. നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ 30 ശതമാനത്തോളം യാത്രക്കാരാണ് ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. 

6 പേർക്കു വരെ ഒറ്റ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാനാകുന്ന ഗ്രൂപ്പ് ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കിയതും കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. ഇവയുടെ ലഭ്യത വർധിപ്പിക്കുന്നതിലൂടെ മെട്രോ സ്റ്റേഷനുകളിൽ ടോക്കൺ ടിക്കറ്റെടുക്കുന്നതിനുള്ള നീണ്ട ക്യൂവിനു പരിഹാരം കാണാനാകുമെന്ന് ബിഎംആർസി പ്രതീക്ഷിക്കുന്നു.

മെട്രോ നെലമംഗലയിലേക്കും
നമ്മ മെട്രോ നെലമംഗലയിലേക്കു നീട്ടുന്നതു പരിഗണനയിലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗസന്ദ്ര–മാധവാര പാതയാണ് നെലമംഗലയിലേക്കു നീട്ടാൻ ഉദ്ദേശിക്കുന്നത്. നെലമംഗലയ്ക്കു പുറമേ ദൊഡ്ഡബല്ലാപുര, ദേവനഹള്ളി, ഹൊസ്കോട്ടെ എന്നിവിടങ്ങളിലേക്കും നമ്മ മെട്രോ വ്യാപിപ്പിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com