ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്ക് മെമു എക്സ്പ്രസ് ട്രെയിനിൽ 30 രൂപയ്ക്ക് യാത്ര ചെയ്യാം. വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസും ടിപ്പുസുൽത്താന്റെ ജൻമദേശമായ ദേവനഹള്ളിയുമെല്ലാം കണ്ടുമടങ്ങാം. ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവള സ്റ്റേഷൻ (കെഐഎ ഹാൾട്ട്) വരെ 30 രൂപയും ചിക്കബെല്ലാപുര വരെ 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സ്പ്രസ് ട്രെയിനായതിനാലാണ് ടിക്കറ്റ് നിരക്ക് കൂടിയത്.

 നേരത്തേ ഡെമു പാസഞ്ചർ ട്രെയിനിൽ 10 രൂപയായിരുന്നു നിരക്ക്. 11ന് മുതലാണ് ദേവഹനഹള്ളി വരെയുള്ള 6 മെമു ട്രെയിനുകൾ ചിക്കബെല്ലാപുരയിലേക്ക് സർവീസ് നീട്ടുന്നത്. നിലവിൽ കെഎസ്ആർ ബെംഗളൂരു– കോലാർ ഡെമു സർവീസ് മാത്രമാണ് ചിക്കബെല്ലാപുര വഴി ഓടുന്നത്. വിമാനത്താവളത്തിലേക്ക് റോഡ് മാർഗം വെബ് ടാക്സിയിൽ 1,800–2,500 രൂപ വരെയും ബിഎംടിസി വായുവജ്ര എസി ബസിൽ 270–360 രൂപ വരെയുമാണ് ഈടാക്കുന്നത്. 

വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരം 
ബെംഗളൂരു– ദേവനഹള്ളി മെമു ട്രെയിനുകൾ ചിക്കബെല്ലാപുരയിലേക്ക് നീട്ടുന്നതോടെ വിനോദസഞ്ചാരികൾക്കും പുതുമേറിയ കാഴ്ചകളാണു യാത്ര സമ്മാനിക്കുക. നന്ദി ഹിൽസ്, ദേവനഹള്ളി ഫോർട്ട്, ചിക്കബെല്ലാപുരയിലെ ഇഷാ യോഗ സെന്റർ എന്നിവിടങ്ങളിലേക്കു ട്രെയിനിൽ എത്താം. നന്ദി ഹാൾട്ട് സ്റ്റേഷനിൽ നിന്ന് തുടർയാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ചുരുങ്ങിയ ചെലവിൽ സന്ദർശകർക്ക് യാത്ര നടത്താനാകും. 

1915ൽ ബ്രിട്ടിഷുകാർ സ്ഥാപിച്ച 73 കിലോമീറ്റർ ദൂരം വരുന്ന ബെംഗളൂരു– ചിക്കബെല്ലാപുര മീറ്റർഗേജ് പാത പിന്നീട് ബ്രോഡ്ഗേജാക്കിയെങ്കിലും പുതിയ ട്രെയിൻ സർവീസുകൾ ഇല്ലാത്തതിനാൽ സ്റ്റേഷനുകൾ ഉൾപ്പെടെ അവഗണനയിലായിരുന്നു. 3 വർഷം മുൻപ് കെഐഎ ഹാൾട്ട് സ്റ്റേഷൻ നിർമിച്ചതോടെയാണു യെലഹങ്ക മുതൽ കെഐഎ ഹാൾട്ട് വരെയുള്ള 23 കിലോമീറ്റർ വൈദ്യുതീകരണം ദ്രുതഗതിയിൽ പൂർത്തിയാക്കിയത്.

നിലവിൽ ഒറ്റവരിയുള്ള പാത സബേർബൻ കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി സബേർബൻ പാതയുടെ ഭാഗമായി ഇരട്ടിപ്പിക്കാനാണു പദ്ധതി. ഈ പാതയിലെ 4 റെയിൽവേ സ്റ്റേഷനുകൾ പൈതൃക സ്റ്റേഷനുകളാക്കി മാറ്റുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ദൊഡ്ഡജാല, ദേവനഹള്ളി, നന്ദി ഹാൾട്ട്, അവതിഹള്ളി സ്റ്റേഷനുകളാണ് പഴമ ചോരാതെ നവീകരിക്കുന്നത്. 

മെട്രോ ഫീഡർ ബസുകളിൽ യാത്രക്കാർ കൂടുന്നു
നമ്മ മെട്രോ ഫീഡർ ബസ് സർവീസുകളെ പ്രതിദിനം ആശ്രയിക്കുന്നത് 70,000–75,000 പേരാണെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തുടർയാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 34 റൂട്ടുകളിലാണു സർവീസ്. സിൽക്ക് ബോർഡ്– കെആർ പുരം റൂട്ടിലോടുന്ന ഫീഡർ ബസുകളിൽ പ്രതിദിനം 14,000 പേർ വരെ യാത്ര ചെയ്യുന്നുണ്ട്.

കെജി ഹള്ളി തുരങ്ക നിർമാണം പൂർത്തിയായി
കല്ലേന അഗ്രഹാര– നാഗവാര ഭൂഗർഭപാതയിലെ കാടുഗോണ്ടനഹള്ളി (കെജി ഹള്ളി) സ്റ്റേഷന്റെ തുരങ്ക നിർമാണം പൂർത്തിയായി. ഇതോടെ ലക്കസന്ദ്ര മുതൽ നാഗവാര വരെയുള്ള 13.9 കിലോമീറ്റർ ദൂരം വരുന്ന ഭൂഗർഭപാതയുടെ 90% നിർമാണവും പൂർത്തിയായതായി ബിഎംആർസി അറിയിച്ചു.

വെങ്കടേഷപുര സ്റ്റേഷൻ മുതൽ കാടുഗോഡനഹള്ളി വരെയുള്ള 1,064 മീറ്റർ നീളത്തിലാണ് തുരങ്കം നിർമിച്ചത്. തുംഗ എന്ന ടണൽ ബോറിങ് യന്ത്രം ഉപയോഗിച്ചാണു തുരങ്കം നിർമിച്ചത്. കല്ലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിലെ 18 സ്റ്റേഷനുകളിൽ 13 എണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com