എസ്ഐ നിയമന പരീക്ഷാ ക്രമക്കേട്; കേസുകൾ ഒന്നായി പരിഗണിക്കണമെന്ന മുഖ്യപ്രതിയുടെ ഹർജി തള്ളി

Mail This Article
ബെംഗളൂരു ∙ സംസ്ഥാന വ്യാപകമായി തനിക്കെതിരെയുള്ള വിവിധ കേസുകൾ ഒന്നായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് എസ്ഐ നിയമന പരീക്ഷാ ക്രമക്കേടു കേസിലെ മുഖ്യപ്രതി രുദ്രഗൗഡ പാട്ടീലിന്റെ ഹർജി ഹൈക്കോടതി തള്ളി. 2021 ഒക്ടോബർ 3നു നടന്ന എസ്ഐ നിയമന പരീക്ഷാ ക്രമക്കേടു കേസിലെ മുഖ്യസൂത്രധാരനാണ് ഇയാൾ.
ഇതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളായി റജിസ്റ്റർ ചെയ്ത 11 കേസുകൾ ഒന്നായി പരിഗണിക്കണമെന്ന ഹർജിയാണ് ജസ്റ്റിസ് കെ.നടരാജൻ തള്ളിയത്. കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) ഒക്ടോബർ 28ന് സംഘടിപ്പിച്ച ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് (എഫ്ഡിഎ) നിയമന പരീക്ഷാ ക്രമക്കേടിലും ഇയാൾ പ്രധാന പ്രതിയാണ്.
ഇതുമായി ബന്ധപ്പെട്ട് നവംബർ 10ന് മഹാരാഷ്ട്രയിലെ സോളാപുരിൽ നിന്ന് വീണ്ടും അറസ്റ്റിലായി. അഫ്സൽപുര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇയാൾ കേസിനു പിന്നാലെ പാർട്ടി വിട്ടിരുന്നു. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി അഫ്സൽപുര മണ്ഡലത്തിൽ മത്സരിച്ചിരുന്നു.