ADVERTISEMENT

ബെംഗളൂരു∙ നഗരഗതാഗതത്തിന് പുതുപ്രതീക്ഷയായ സബേർബൻ പാതയിലെ ഹീലലിഗെ–രാജനകുണ്ഡെ ഇടനാഴിയിൽ നിർമിക്കുന്നത് 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ. 46.24 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ യെലഹങ്കയിൽ 1.2 കിലോമീറ്റർ ദൂരം വരുന്ന റോഡ് റെയിൽ മേൽപാലവും ബെന്നിഗനഹള്ളിയിൽ 500 മീറ്റർ നീളം വരുന്ന മെട്രോ റെയിൽ മേൽപാലവുമാണു നിർമിക്കുന്നത്. 

കെആർ പുരം–വിമാനത്താവള മെട്രോ പാതയാണ് ബെന്നിഗനഹള്ളിയിൽ സബേർബൻ പാതയുടെ മുകളിൽ കൂടി കടന്നുപോകുക. 1040.51 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന പാതയുടെ നിർമാണം രണ്ടരവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നിർമാണ കരാർ കഴിഞ്ഞ ദിവസമാണ് എൽ ആൻഡ്ടിക്ക് കൈമാറിയത്. നമ്മ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ റാഗിഗുഡ്ഡയിലെ റോഡ്, മെട്രോ പാതയ്ക്കു പുറമേയാണ് നഗരത്തിൽ കൂടുതൽ ഡബിൾ ഡെക്കർ മേൽപാലങ്ങൾ വരുന്നത്. 

സബേർബൻ പാതയിലെ രണ്ടാം ഇടനാഴിയായ ചിക്കബാനവാര–ബയ്യപ്പനഹള്ളി 25.2 കിലോമീറ്റർ പാതയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41.40 കിലോമീറ്റർ), കെങ്കേരി–കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ) എന്നിവയാണ് മറ്റ് ഇടനാഴികൾ.

റെയിൽവേ കൈമാറുന്നത് 115 ഏക്കർ ഭൂമി

സബേർബൻ പാത നിർമാണത്തിനായി ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനിക്ക് (കെ–റൈഡ്) 115 ഏക്കർ ഭൂമിയാണ് കൈമാറുന്നത്. ഭൂമി കൈമാറ്റ നടപടികൾ വൈകിയതു നിർമാണ പ്രവൃത്തികളെയും ബാധിച്ചിരുന്നു. കർണാടക സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ–റൈഡിന് ഏക്കറിന് 1 രൂപ നിരക്കിൽ 35 വർഷത്തേക്കുള്ള പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്. 

പാത നിർമാണം തീരുക 2028ൽ മാത്രം

2026ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട 148.17 കിലോമീറ്റർ വരുന്ന സബേർബൻ പാത നിർമാണം 2028ലേക്ക് നീളുമെന്ന് കെ റൈഡ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിയ സാഹചര്യത്തിലാണ് നിർമാണം നീളുന്നത്. ഹെബ്ബാളിൽ മാത്രമാണ് സ്റ്റേഷൻ നിർമാണം ആരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com