നമ്മ മെട്രോ പ്ലാറ്റ്ഫോമുകളിൽ ഡബിൾ സുരക്ഷയുറപ്പ്; സ്റ്റീൽ റെയ്ലിങ്ങെത്തി

Mail This Article
ബെംഗളൂരു ∙ നമ്മ മെട്രോ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോമുകളിൽ പരീക്ഷണാർഥം സ്റ്റീൽ റെയ്‌ലിങ് ബാരിക്കേഡ് സ്ഥാപിച്ചു തുടങ്ങി. തിരക്കേറിയ മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്നു വൈറ്റ്ഫീൽഡിലേക്കുള്ള ട്രെയിൻ പുറപ്പെടുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സ്റ്റീൽ റെയിലിങ് ഉറപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിനിന്റെ വാതിലുകൾ തുറക്കുന്ന ഭാഗം ഒഴിച്ചുള്ള ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. പാളങ്ങളിലേക്കു ചാടിയിറങ്ങുന്നതും അബദ്ധത്തിൽ വീണുപോകുന്നതും മറ്റും ഒരുപരിധിവരെ തടയാൻ ഇതുവഴി സാധിക്കും.
750 വോൾട്ട് വൈദ്യുതിയാണ് മെട്രോ പാളത്തിലൂടെ പ്രവഹിക്കുന്നത്. ജനുവരി 5ന് ആലപ്പുഴ സ്വദേശി ഷാരോൺ (23) ജാലഹള്ളി മെട്രോ സ്റ്റേഷനിലെ പാളത്തിലേക്ക് ചാടിയതിനെ തുടർന്ന് ഒരു മണിക്കൂറോളം സർവീസ് മുടങ്ങിയിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ചർച്ചയ്ക്കൊടുവിലാണ് ബിഎംആർസിയുടെ നടപടി. ബാരിക്കേഡുകളുടെ കാര്യക്ഷമത പരിശോധിച്ചശേഷം മജസ്റ്റിക്കിലെ തന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും നഗരത്തിലെ തിരക്കേറിയ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മഞ്ഞ രേഖകൾ മറികടക്കരുത്
ട്രെയിൻ വരുന്നതിനു മുൻപു തന്നെ, പ്ലാറ്റ്ഫോമിലെ സുരക്ഷാ മുന്നറിയിപ്പ് മഞ്ഞ രേഖകൾ യാത്രക്കാർ മറികടക്കുന്നത് പതിവാണ്. നമ്മ മെട്രോ സുരക്ഷാ ജീവനക്കാരെ ഇതു കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതു തടയാനായി ജീവനക്കാർ വിസിലടിച്ച് നെട്ടോട്ടമോടുന്നതും സ്റ്റേഷനുകളിലെ നിത്യകാഴ്ചയാണ്. കുട്ടികളെയും മറ്റും പ്ലാറ്റ്ഫോമുകളിൽ ഓടിക്കളിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കളുമുണ്ട്. ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാരുടെ മൊബൈലുകളും മറ്റും പാളത്തിലേക്ക് വീഴുന്ന സാഹചര്യവുമുണ്ട്. ഇതിനൊക്കെയും പരിഹാരമായാണ് സ്റ്റീൽ റെയ്‌ലിങ് സ്ഥാപിക്കുന്നത്.
ആദ്യ സ്ക്രീൻ ഡോർ വരുന്നത് കോനപ്പന അഗ്രഹാരയിൽ
ഡൽഹി, ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ മാതൃകയിൽ, പ്ലാറ്റ്ഫോമിനേയും ട്രെയിനിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോർ പദ്ധതി ഇലക്ട്രോണിക്സ് സിറ്റി മെട്രോ പാതയിലെ കോനപ്പന അഗ്രഹാര സ്റ്റേഷനിലാണ് ആദ്യം നടപ്പിലാക്കുന്നത്. ആർവി റോഡ്– ബൊമ്മസന്ദ്ര യെലോ ലൈനിലുള്ള ഈ സ്റ്റേഷൻ ഇൻഫോസിസിന്റെ സഹകരണത്തോടെയാണ് നിർമിക്കുന്നത്. ജൂലൈയോടെ ഈ പാതയിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർമാണം പുരോഗമിക്കുന്ന കല്ലേന അഗ്രഹാര– നാഗവാര, സിൽക്ക് ബോർഡ്– കെആർ പുരം, കെആർ പുരം– വിമാനത്താവള പാതകളിലെ 13 ഭൂഗർഭ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ ബിഎംആർസി കരാർ നൽകിയിരിക്കുന്നത്.