ADVERTISEMENT

ബെംഗളൂരു ∙ കേരള ആർടിസി ബെംഗളൂരു– നിലമ്പൂർ റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ സമയക്രമത്തിൽ 10 മുതൽ മാറ്റം വരുന്നു. ബന്ദിപ്പൂർ വനപാത വഴിയുള്ള രാത്രിയാത്രാ പാസ് നിലമ്പൂർ ഡീലക്സിനു ലഭിച്ചതോടെയാണ് സമയമാറ്റം. നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സമയത്തിൽ മാറ്റമില്ല. ബെംഗളൂരു– ഇരിങ്ങാലക്കുട സ്വിഫ്റ്റ് ഡീലക്സിന്റെ രാത്രിയാത്രാ പാസാണ് നിലമ്പൂർ സർവീസിനു കൈമാറിയത്.

കർണാടക ആർടിസിയുടെ അശ്വമേധ ക്ലാസിക് പോയിന്റ് ടു പോയിന്റ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ബസിലെ കുതിരയുടെ ചിത്രം വീക്ഷിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ സമീപം.
കർണാടക ആർടിസിയുടെ അശ്വമേധ ക്ലാസിക് പോയിന്റ് ടു പോയിന്റ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ബസിലെ കുതിരയുടെ ചിത്രം വീക്ഷിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ സമീപം.

ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക രാത്രി 11ന് 
പുതിയ സമയക്രമം പ്രകാരം രാത്രി 11നു മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ഡീലക്സ് ബസ് മൈസൂരു (പുലർച്ചെ 2.05), ഗുണ്ടൽപേട്ട്, ഗൂഡല്ലൂർ, വഴിക്കടവ് വഴി രാവിലെ 7.45നു നിലമ്പൂരിലെത്തും. നിലവിൽ രാത്രി 11.47ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.30നാണ് നിലമ്പൂരിലെത്തിയിരുന്നത്. നിലമ്പൂരിൽ നിന്ന് രാവിലെ 11ന് പുറപ്പെട്ട് വൈകിട്ട് 6.21ന് ബെംഗളൂരുവിലെത്തും. ഒറ്റ ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. ബസ് പലപ്പോഴും നിലമ്പൂരിലെത്താൻ വൈകുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് പോലും സമയം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ബസ് തകരാറിലായി സർവീസ് പാതിവഴിയിൽ മുടങ്ങുന്നത് വരുമാനത്തെ ബാധിച്ചതോടെയാണ് സമയക്രമം മാറ്റുന്നത്. 

ഇരിങ്ങാലക്കുട സ്വിഫ്റ്റിന്റെ സമയത്തിലും മാറ്റം
ബന്ദിപ്പൂർ രാത്രിയാത്രാ പാസ് നിലമ്പൂർ ഡീലക്സിനു നൽകിയതോടെ ബെംഗളൂരു– ഇരിങ്ങാലക്കുട സ്വിഫ്റ്റിന്റെ സമയവും 10 മുതൽ മാറും. രാത്രി 11നു ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (11.45), മൈസൂരു (2.27), ഗൂഡല്ലൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 9.07ന് ഇരിങ്ങാലക്കുടയിലെത്തും. നിലവിൽ രാത്രി 10.18നു ശാന്തിനഗറിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.25നാണ് ഇരിങ്ങാലക്കുടയിലെത്തുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സമയത്തിന് മാറ്റമില്ല. ഇരിങ്ങാലക്കുടയിൽ നിന്ന് വൈകിട്ട് 6.15നു പുറപ്പെട്ട് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപറ്റ ,മാനന്തവാടി, മൈസൂരു വഴി രാവിലെ 6.20നു ബെംഗളൂരുവിലെത്തും.

കൊട്ടാരക്കര സ്വിഫ്റ്റിന്റെ റൂട്ടിലാണ് മാറ്റം
ബെംഗളൂരു– കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് 10 മുതൽ മാറും. വൈകിട്ട് 4.16നു സാറ്റലൈറ്റിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, കുട്ട, മാനന്തവാടി, കൽപറ്റ, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും. നിലവിൽ മൈസൂരു, മാനന്തവാടി, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര വഴിയാണ് കോഴിക്കോട് എത്തിയിരുന്നത്. കൊട്ടാരക്കരയിൽ നിന്ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.40നു ബെംഗളൂരുവിലെത്തും.

100 അശ്വമേധ സർവീസുകൾ തുടങ്ങി കർണാടക ആർടിസി
കർണാടക ആർടിസിയുടെ 100 അശ്വമേധ ക്ലാസിക് പോയിന്റ് ടു പോയിന്റ് സർവീസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. 5,800 പുതിയ ബസുകൾ ഈ വർഷം സർവീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 300 ഇലക്ട്രിക് ബസുകൾ ഉൾപ്പെടും. ജില്ലാ ആസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് അശ്വമേധ സർവീസുകൾ നടത്തുക. ബെംഗളൂരു– മൈസൂരു റൂട്ടിൽ 15 ബസുകൾ അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com