ADVERTISEMENT

ബെംഗളൂരു∙ അപകടങ്ങൾ കുറയ്ക്കുന്നതിനും ‌വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന നിർമിതി ബുദ്ധി ക്യാമറകൾ (എഐ) 300 സംസ്ഥാനാന്തര ബസുകളിൽ കൂടി സ്ഥാപിക്കാൻ കർണാടക ആർടിസി. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ‘ഡ്രൈവർ ഡ്രൗസിനസ് ആൻഡ് കൊളീഷൻ’ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ബെംഗളൂരുവിലെ കർണാടക ആർടിസി മോണിറ്ററിങ് സെന്ററിൽ തൽസമയം അറിയാം.

ഇവിടെ നിന്ന് ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകാം. അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക തുടങ്ങിയവ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് മുകളിലും പുറത്തും സ്ഥാപിക്കുന്ന ക്യാമറകളിൽ തെളിയും.

ക്യാമറ പരീക്ഷിച്ചത് എറണാകുളം ഐരാവതിൽ
ബെംഗളൂരു– എറണാകുളം ഐരാവത് ക്ലബ് ക്ലാസ് എസി ബസിലാണ് ആദ്യമായി എഐ ക്യാമറ 2 വർഷം മുൻപ് സ്ഥാപിച്ചത്. പരീക്ഷണം വിജയിച്ചതോടെയാണ് കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. എഐ ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞതായി കർണാടക ആർടിസി കേരള മേഖല ലെയ്സൺ ഓഫിസർ ജി. പ്രശാന്ത് പറഞ്ഞു. നിയമം ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് വിശദീകരണം തേടും. തുടർച്ചയായി ലംഘനങ്ങൾ വന്നാൽ അച്ചടക്ക നടപടി സ്വീകരിക്കും.

ബെംഗളൂരു– എറണാകുളം ഡീലക്സുമായി തമിഴ്നാട്
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് നോൺ എസി അൾട്രാ ഡീലക്സ് ബസ് സർവീസുമായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ (എസ്ഇടിസി). വൈകിട്ട് 5.15നു ശാന്തിനഗർ ബിഎംടിസി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി രാവിലെ 6.30നു എറണാകുളം സൗത്തിലെത്തും.

എറണാകുളത്ത് നിന്ന് വൈകിട്ട് 6.30നു പുറപ്പെട്ട് രാവിലെ 7.30നു ബെംഗളൂരുവിലും എത്തിച്ചേരും. മുതിർന്നവർക്ക് 750 രൂപയും കുട്ടികൾക്ക് 365 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും എസ്ഇടിസി ബസ് സർവീസുണ്ട്. ബുക്കിങ്ങിന് tnstc.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com