ADVERTISEMENT

ബെംഗളൂരു∙ നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകാനായി പരീക്ഷണാർഥം കബൺ പാർക്കിനുള്ളിലെ റോഡുകളിൽ രണ്ട്, നാല് ശനിയാഴ്ചകളിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമുള്ള നിരോധനം തുടരും. ട്രാഫിക് പൊലീസിന്റെ നിർദേശപ്രകാരമാണ് 3 മാസത്തേക്ക് വീണ്ടും ഗതാഗതം അനുവദിക്കുന്നതെന്ന് ഹോർട്ടി കൾചർ വകുപ്പ് അറിയിച്ചു.

 എംജി റോഡ്, കബൺ റോഡ്, അംബേദ്കർ വീഥി, കെആർ സർക്കിൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കബൺ പാർക്കിനുള്ളിലെ റോഡുകൾ. 2017 ലാണ് ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.തുടർന്ന് ഇത് ശനിയാഴ്ചകളിലേക്കും  പൊതുഅവധി ദിവസങ്ങളിലേക്കും വ്യാപിപ്പിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിനും പാർക്കിലെത്തുന്നവരുടെ സുരക്ഷയ്ക്കുമായിരുന്നു നിയന്ത്രണം. വാഹനനിയന്ത്രണം നടപ്പിലാക്കിയതോടെ പാർക്കിനുള്ളിലെ വായുമലിനീകരണത്തിൽ കുറവ് കണ്ടെത്തിയിരുന്നു. 

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ
പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതെന്നാണ് ട്രാഫിക് പൊലീസിന്റെ വിശദീകരണം. എംജി റോ‍ഡ്, അംബേദ്കർ വീഥി, നൃപതുംഗ റോഡ്, കെആർ സർക്കിൾ, കസ്തൂർബ റോഡ് എന്നിവിടങ്ങളിലൂടെ വരുന്ന ചെറുവാഹനങ്ങളാണ് കബൺ പാർക്കിനുള്ളിലെ റോഡുകളെ പ്രധാനമായി ആശ്രയിക്കുന്നത്.

ഈ വാഹനങ്ങൾ കൂടി പ്രധാന റോഡുകളിൽ എത്തുന്നതോടെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്. ഇതേസമയം വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിനെതിരെ കബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും പാർക്കിനുള്ളിൽ വിശ്രമിക്കാനും വ്യായാമത്തിനായും എത്തുന്നവരുടെ ജീവന് ഭീഷണിയായ വാഹനങ്ങളുടെ കുതിപ്പ് തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷനാണ് ഗതാഗത നിയന്ത്രണം എന്ന ആശയം ആദ്യം ഹോർട്ടികൾചർ വകുപ്പിന് കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com