വിമാനത്താവള സമാന്തരപാതയിൽ പറന്നിറങ്ങുന്നു അപകടങ്ങൾ
Mail This Article
ബെംഗളൂരു∙ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയായ ഹെന്നൂർ–ബാഗലൂർ റോഡിന്റെ ശോചനീയാവസ്ഥ തുടർച്ചയായ അപകടങ്ങൾക്കിടയാക്കുന്നു.കഴിഞ്ഞ ദിവസം 2 മലയാളി യുവാക്കളുടെ മരണത്തിനിടയാക്കിയതും റോഡിലെ അപകടക്കുഴിയാണ്. വിമാനത്താവളത്തിലേക്കുള്ളവർ ഈ റോഡിനെ ആശ്രയിക്കുന്നത് വർധിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബിബിഎംപിയുടെ അലംഭാവം തുടരുന്നു.
ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിലെ ഹെന്നൂർ റെയിൽവേ അടിപ്പാത, കന്നൂർ, ചിക്കഗുബി, ഗദ്ദലഹള്ളി, ബാഗലൂർ, ബേഗൂർ എന്നിവിടങ്ങളിൽ റോഡിൽ അപകടക്കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇടക്കാലത്ത് അടച്ച കുഴികളും വീണ്ടും തുറന്നതോടെ ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിൽപെടുന്നത്. ഭൂഗർഭ കേബിളുകളും ശുദ്ധജല, സീവേജ് പൈപ്പുകളും സ്ഥാപിക്കാൻ വേണ്ടി പൊളിച്ച ഇടങ്ങളിൽ മണ്ണുമാത്രം നിറച്ചാണ് കുഴികൾ നികത്തിയത്. ഭാരവാഹനങ്ങൾ കയറി ഇറങ്ങി റോഡിന്റെ വശങ്ങൾ ഇടിഞ്ഞതും അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ട്.