കാലിയടിക്കാൻ വയ്യ; സമയം മാറ്റി കോയമ്പത്തൂർ വന്ദേഭാരത്: പുതിയ സമയപ്പട്ടിക ഇങ്ങനെ
Mail This Article
ബെംഗളൂരു∙ അശാസ്ത്രീയമായ സമയക്രമം സംബന്ധിച്ച പരാതികൾക്കിടെ ബെംഗളൂരു–കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിൽ മാർച്ച് 11 മുതൽ മാറ്റം വരുന്നു. നിലവിൽ ഉച്ചയ്ക്ക് 1.40നു ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയ പട്ടിക പ്രകാരം 2.20നാണ് പുറപ്പെടുക. കോയമ്പത്തൂരിൽ നിന്ന് പുലർച്ചെ 5ന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നു മാത്രമേ പുറപ്പെടുകയുള്ളൂ.
ഡിസംബർ അവസാനം സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് പല ദിവസങ്ങളിലും കാലിയായാണ് ഓടുന്നത്. ട്രെയിൻ പാലക്കാട് വരെയെങ്കിലും നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനും അനുകൂല നടപടി ഉണ്ടായിട്ടില്ല. വന്ദേഭാരതിന് മുൻപ് ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലെ വേഗമേറിയ ട്രെയിനായ ഉദയ് എക്സ്പ്രസും അരമണിക്കൂറിനുള്ളിൽ തന്നെയാണ് പുറപ്പെടുന്നത്. വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കിൽ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവീസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം 6 മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്പോൾ 432 കിലോമീറ്റർ ദൂരം 6 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് ഉദയ് എക്സ്പ്രസ് പിന്നിടുന്നത്.
ഉദയ് എക്സ്പ്രസ് എല്ലാ ദിവസവും
ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് (22666/ 22665) മാർച്ച് 5 മുതൽ എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9നു കോയമ്പത്തൂരിലെത്തും. കെആർ പുരം, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോയമ്പത്തൂർ–കെഎസ്ആർ ബെംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30നു ബെംഗളൂരുവിലെത്തും.
പുതിയ സമയപ്പട്ടിക
ബെംഗളൂരു കന്റോൺമെന്റ്–കോയമ്പത്തൂർ വന്ദേഭാരത് (20641)
വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് 2.20നു പുറപ്പെട്ട് ഹൊസൂർ (3.10), ധർമപുരി (4.42), സേലം (5.57), ഈറോഡ് (6.47), തിരുപ്പൂർ (7.31) വഴി രാത്രി 8.45നു കോയമ്പത്തൂർ ജംക്‌ഷനിലെത്തും.
കോയമ്പത്തൂർ– ബെംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (20642)
കോയമ്പത്തൂരിൽ നിന്ന് രാവിലെ 7.25നു പുറപ്പെട്ട് തിരുപ്പൂർ (8.03), ഈറോഡ് (8.42), സേലം (9.32), ധർമപുരി (10.51), ഹൊസൂർ (12.03) വഴി ഉച്ചയ്ക്ക് 1.50നു കന്റോൺമെന്റിലെത്തും.