ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി 4 മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചു. ജല സംരക്ഷക്, അന്തർജല, ജലമിത്ര, പരിസര ജലസ്നേഹി എന്നീ ആപ്പുകൾ ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകും. അപ്രതീക്ഷിതമായെത്തിയ ജലക്ഷാമത്തെ നേരിടുക, ജല ദുരുപയോഗം നിയന്ത്രിക്കുക തുടങ്ങിയവയിൽ പൊതുജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് ഇവ ഒരുക്കിയിട്ടുള്ളത്.

∙ ജല സംരക്ഷക്
വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും ശുദ്ധജലം ഉപയോഗിക്കുന്നവരെ കണ്ടെത്താനും പിഴ ഈടാക്കാനുമാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കു ആപ്പിലൂടെ അധികൃതരെ അറിയിക്കാനാകും. അതോറിറ്റി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പരാതി ശരിയാണെന്നു കണ്ടെത്തിയാൽ 5,000 രൂപ പിഴ ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു.

∙ അന്തർജല
കുഴൽക്കിണറുകൾ കുഴിക്കാൻ അനുമതി തേടുന്നതിനുള്ള ആപ്പാണിത്. ഇതിലൂടെ അപേക്ഷിച്ച് എൻഒസി നേടിയതിനു ശേഷമാണ് കിണർ കുഴിക്കേണ്ടത്. അനധികൃത കുഴൽക്കിണർ നിർമാണം നഗരത്തിലെ ഭൂഗർഭ ജലനിരപ്പ് വൻതോതിൽ ഇടിയാൻ കാരണമായിട്ടുണ്ട്. അനുമതിയില്ലാതെ കുഴൽക്കിണർ കുഴിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

∙ ജലമിത്ര
ജലവിതരണ പൈപ്പുകൾ പൊട്ടിയും മറ്റുമുള്ള ജലനഷ്ടം, മഴവെള്ളക്കനാലുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്നിവ അധികൃതരുടെ ശ്രദ്ധയിൽപെടുത്താനുള്ള ആപ്പാണിത്. ജലം പാഴാവുന്നുണ്ടെങ്കിൽ അവയുടെ ചിത്രങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. പരിഹാര നടപടികൾ ഉടനുണ്ടാകും. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട മറ്റു പരാതികളും ആപ്പിലൂടെ അധികൃതരെ അറിയിക്കാനാകും.

∙ പരിസര ജലസ്നേഹി
മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (എസ്ടിപി) പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഏവർക്കും ശുദ്ധീകരിച്ച ജലം ലഭിക്കുന്നുണ്ടെന്ന് ആപ് വഴി ഉറപ്പുവരുത്തും.

ശുദ്ധീകരണ പ്ലാന്റുകളും വറ്റുന്നു
ജലം ശുദ്ധീകരിക്കാനുള്ള റിവേഴ്സ് ഓസ്മോസിസ് (ആർഒ) പ്ലാന്റുകളും വറ്റിത്തുടങ്ങി. ബിബിഎംപിയുടെ കീഴിവ്‍ 600 ആർഒ പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നു ശുദ്ധീകരിക്കുന്ന ജലം സബ്സിഡി നിരക്കിലാണ് ജനങ്ങൾക്കു നൽകുന്നത്. എന്നാൽ ജലക്ഷാമത്തെ തുടർന്ന് പല പ്ലാന്റുകളും അടച്ചുപൂട്ടി. ശേഷിക്കുന്നവയിൽ നിന്നു കുറഞ്ഞ അളവിൽ മാത്രമാണ് ജലം ലഭിക്കുന്നത്. വലിയ നിരയാണ് പല പ്ലാന്റുകൾക്കും മുന്നിലുള്ളത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ആർഒ പ്ലാന്റുകളിൽ ഭൂരിഭാഗവും അടച്ചുപൂട്ടിയിട്ടുണ്ട്. ശേഷിക്കുന്നവ വൻ നിരക്കാണ് ഈടാക്കുന്നത്. വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൂട്ടിയ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com