ADVERTISEMENT

ബെംഗളൂരു ∙ നഗരം ജലക്ഷാമത്തിൽ വലയുന്നതിനിടെ, ഏതെങ്കിലും രാഷ്ട്രീയകക്ഷി സൗജന്യമായി ടാങ്കർ വെള്ളം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നിരീക്ഷിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണിതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണ പറഞ്ഞു. 

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ 1950 എന്ന നമ്പറിലോ വിജിൽ ആപ് മുഖേനയോ കലക്ടറെയോ വിവരം അറിയിക്കണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് ടാങ്കർ ജലം വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്നാൽ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധപ്പെട്ടോ സ്ഥാനാർഥികളോ അനുയായികളോ സൗജന്യ ടാങ്കർ ജലം വിതരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കുമെന്നും മീണ പറഞ്ഞു. 

പ്രലോഭനങ്ങളുടെ പട്ടികയിലിപ്പോൾ വെള്ളവും
നഗരത്തിൽ വേണ്ടത്ര ടാങ്കർ ജലം ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പ്രലോഭനത്തിനു മുന്നിൽ വോട്ടർമാർ വീണുപോകാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയാണ് കമ്മിഷന്റെ മുന്നറിയിപ്പ്. ജല ടാങ്കറുകൾക്കു റജിസ്ട്രേഷൻ കർശനമാക്കിയ ബിബിഎംപി ടാങ്കർ ജലം– 6000 ലീറ്ററിന് 600 രൂപയും 12,000 ലീറ്ററിന് 1,200 രൂപയും വില നിശ്ചയിച്ചിട്ടുണ്ട്. ഈ ഉത്തരവ് കാറ്റിൽപറത്തി 3,500 വരെയാണ് വില ഈടാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പണവും മദ്യുവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്ന പതിവുരീതിക്കു പുറമേ സൗജന്യ ജലവും വോട്ടിനായി ഒഴുക്കിയേക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ആശങ്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com