റോഡ്ഷോ: ദേവെഗൗഡയ്ക്കൊപ്പം സംയുക്ത പ്രചാരണം; പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ നാളെയെത്തും

Mail This Article
ബെംഗളൂരു∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കർണാടകയിലെ തിരഞ്ഞെടുപ്പു പര്യടനത്തിന് നാളെ തുടക്കമാകും. ബെംഗളൂരു റൂറലിൽ ജനതാദൾ എസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയ്ക്കൊപ്പം ബിജെപിക്കായി നടത്തുന്ന റോഡ് ഷോ ഉൾപ്പെടെയാണിത്. ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എൻ.മഞ്ജുനാഥാണ് താമര ചിഹ്നത്തിൽ ബെംഗളൂരു റൂറലിൽ മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനും കോൺഗ്രസ് സിറ്റിങ് എംപിയുമായ ഡി.കെ.സുരേഷിനെയാണ് ഇവിടെ മഞ്ജുനാഥ് നേരിടുന്നത്.
നാളെ രാവിലെ 9ന് ബെംഗളൂരുവിലെത്തുന്ന അമിത്ഷാ ബിജെപി– ദൾ നേതാക്കളുടെ പ്രാതൽയോഗം വിളിച്ചിട്ടുണ്ട്. തുടർന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പു കൺവൻഷനിൽ ബെംഗളൂരു റൂറൽ, ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബെല്ലാപുര മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ അണിനിരത്തും. തുടർന്ന് ചിക്കബെല്ലാപുര, തുമക്കൂരു, ചിത്രദുർഗ, ദാവനഗെരെ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബെംഗളൂരു റൂറലിന്റെ ഭാഗമായ ചന്നപട്ടണ ടൗണിലാണ് റോഡ് ഷോ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തി ‘ധന്യവാദ് മോദി’ എന്ന ഓൺലൈൻ പ്രചാരണത്തിനും അമിത് ഷാ തുടക്കമിടും. സംസ്ഥാനത്ത് വൻ റാലികൾ ഉൾപ്പെടെ 70 പൊതുയോഗങ്ങളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര, പാർട്ടി പാർലമെന്ററി ബോർഡ് അംഗം യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് ആർ.അശോക എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചാണു പ്രചാരണ റാലികൾ ആസൂത്രണം ചെയ്യുന്നത്. താര പ്രചാരകരെ ഉൾപ്പെടുത്തി ദിവസേന രണ്ടോ, മൂന്നോ ലോക്സഭാ മണ്ഡലങ്ങളിൽ പൊതു പരിപാടികൾ സംഘടിപ്പിക്കും.
പ്രധാനമന്ത്രി മോദി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ 4 തവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. അമിത് ഷാ 6 തവണയും. മോദിക്കൊപ്പം ദേവെഗൗഡ പങ്കെടുക്കുന്ന റാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ബിജെപിയുടെ താരപ്രചാരക പട്ടികയിൽ 40 പേരാണുള്ളത്.
ബിജെപി – ദൾ സഖ്യത്തിനെതിരെ അണികൾക്കിടയിൽ പോര്: ശിവകുമാർ
ബിജെപി– ദൾ സഖ്യത്തിനെ എതിർത്ത് ഇരു പാർട്ടികളുടെയും അണികൾ രണ്ടു തട്ടിൽനിന്ന് പോരടിക്കുന്നതിനിടെയാണ് ചന്നപട്ടണയിൽ അമിത്ഷായുടെ റോഡ് ഷോയെന്ന് പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാർ ആരോപിച്ചു. ഇവർ തമ്മിലുള്ള അക്രമസംഭവങ്ങൾ വരെയുണ്ട്. ഇതിനിടെയാണ് എൻഡിഎ ശക്തിപ്രകടനമെന്നും ശിവകുമാർ പറഞ്ഞു.