ADVERTISEMENT

ബെംഗളൂരു ∙ മലയാളം വാക്കുകളുടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ പര്യായപദങ്ങളുമായി തയാറാക്കിയ ‘സമം’ ഡിജിറ്റൽ നിഘണ്ടു പ്രവർത്തനം ആരംഭിച്ചു. തലശ്ശേരി തിരുവങ്ങാട് സ്വദേശി ഞാറ്റ്യേല ശ്രീധരന്റെ ‘ചതുർ ദ്രാവിഡ ഭാഷാ പദ പരിചയം’ എന്ന പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഒരുക്കിയത്. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പ്രവർത്തകരുടെ സാങ്കേതിക സഹായത്തോടെ 7 മാസം കൊണ്ടാണ് ‘സമം’ തയാറാക്കിയത്. ഫൗണ്ടേഷൻ പ്രവർത്തകരായ ഷിജു അലക്സ്, ജിസോ ജോസ്, കൈലാഷ്നാഥ്, കംപ്യൂട്ടിങ് വിദഗ്ധൻ സന്തോഷ് തോട്ടിങ്ങൽ എന്നിവരാണ് ‘സമ’ത്തിനു പിന്നിൽ. Samam.net എന്ന വെബ് അഡ്രസിൽ സമത്തിലെ സേവനങ്ങൾ ലഭ്യമാകും. ഒരു ലക്ഷത്തോളം മലയാളം വാക്കുകളുടെ പര്യായപദങ്ങളാണ് ഇതിലുള്ളത്.

25 വർഷത്തെ പരിശ്രമം
86 വയസ്സുകാരനായ ശ്രീധരൻ 25 വർഷത്തോളം വിവിധ സംസ്ഥാനങ്ങളിൽ താമസിച്ചുപഠിച്ചാണ് നിഘണ്ടു തയാറാക്കിയത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം പാലക്കാട്ടെ ഉൾഗ്രാമങ്ങളിൽ ബീഡി കമ്പനി തൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. പിന്നീട്, മറ്റു തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി ഭാഷ വൈദഗ്ധ്യം നേടി. ഒപ്പം തമിഴ് തൊഴിലാളികളോട് സംസാരിച്ചും പത്രങ്ങൾ വായിച്ചും തമിഴ് പഠിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായി. സാഹിത്യകൃതികളുടെ വായന ശക്തമാക്കിയപ്പോഴാണ് 4 ദ്രാവിഡ ഭാഷകളെയും ബന്ധിപ്പിക്കുന്ന പുസ്തകം വേണമെന്ന ആശയം മനസ്സിൽ ഉദിക്കുന്നത്.

ജോലിക്കിടെ അവധിയെടുത്ത് കർണാടകയിലെ മൈസൂരുവിലും മംഗളൂരുവിലും താമസിച്ചു കന്നഡ പഠിച്ചു. തുടർന്ന് തെലുങ്ക് പഠിക്കാൻ ആന്ധ്രപ്രദേശിലെ നെല്ലൂരിലെത്തി. 3 മാസം ഇവിടെ ചെലവഴിച്ചു. 50–ാം വയസ്സിൽ 4 ഭാഷകളിലെയും വാക്കുകൾ ഉൾപ്പെടുത്തി നിഘണ്ടു നിർമാണം ആരംഭിച്ചു. 2012ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശ്രീധരന്റെ മലയാളം–തമിഴ് നിഘണ്ടു പുറത്തിറക്കി. 2022ൽ ചതുർ ദ്രാവിഡ ഭാഷാ പദ പരിചയവും പ്രസിദ്ധീകരിച്ചു. നിലവിൽ ‘ഓർമകളുടെ തിറയാട്ടം’ എന്ന ആത്മകഥയുടെ പണിപ്പുരയിലാണ് അദ്ദേഹം. ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കി നന്ദൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ‘ഡ്രീമിങ് ഓഫ് വേർഡ്സ്’ എന്ന ഡോക്യുമെന്ററിക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

ഓളത്തിലേക്ക് 10 ലക്ഷം വാക്കുകൾ കൂടി
ആലപ്പുഴ സ്വദേശിയും മുംബൈ നിവാസിയുമായ ഇ.കെ.കുറുപ്പിന്റെ ഇംഗ്ലിഷ്–മലയാളം തെസോറസ് ഓൺലൈൻ നിഘണ്ടുവിന്റെ ഭാഗമാക്കുന്ന പദ്ധതിക്കും ഫൗണ്ടേഷൻ തുടക്കമിട്ടുണ്ട്. തെസോറസിലെ 10 ലക്ഷം വാക്കുകളാണു മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ സഹായത്തോടെ ‘ഓള’ത്തിലേക്ക് കൂട്ടിച്ചേർക്കുന്നത്. നിലവിലെ 2 ലക്ഷത്തിനു പുറമേയാണിത്. മുംബൈയിലെ എൽ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരനായിരുന്ന കുറുപ്പ് പുസ്തക വായനയിലൂടെയാണ് 20 വർഷങ്ങൾ കൊണ്ട് തെസോറസ് തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com