ADVERTISEMENT

ബെംഗളൂരു∙ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടി വലിച്ചു കൊണ്ടു പോകുന്ന സംവിധാനം (ടോയിങ്) വീണ്ടും തുടങ്ങാൻ ട്രാഫിക് പൊലീസ്. നടപ്പാതകളിലും അനുമതിയില്ലാത്ത ഇടങ്ങളിലും പാർക്കിങ് വ്യാപകമായ 75 ജംക്‌ഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ടോയിങ് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആടുഗോഡി, മഡിവാള, മൈക്കോ ലേഔട്ട്, ഹുളിമാവു, ബലന്ദൂരു, എച്ച്എസ്ആർ ലേഔട്ട്, ഇലക്ട്രോണിക് സിറ്റി, ബസവനഗുഡി, ജയനഗർ, ബനശങ്കരി, കെഎസ് ലേഔട്ട്, തലഘട്ടപുര ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാകും നടപ്പിലാക്കുക. പൊതു ജനങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ജംക്‌ഷനുകൾ തിരഞ്ഞെടുത്തത്.

അനധികൃത പാർക്കിങ് വ്യാപകമായ ഔട്ടർ റിങ് റോഡിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപ്പാർട്മെന്റുകൾക്ക് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് എതിരെയും നടപടി കർശനമാക്കും. പരീക്ഷണം വിജയകരമായാൽ നഗര വ്യാപകമായി ടോയിങ് പുനഃരാരംഭിക്കും.  2022 ഫെബ്രുവരിയിലാണ് വാഹനങ്ങൾ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് ട്രാഫിക് പൊലീസ് നിർത്തിവച്ചത്. പരക്കെ പരാതി ഉയർന്നതായിരുന്നു കാരണം. വാഹന ടയറുകൾ ചലിക്കാത്ത വിധം പൂട്ടാനുള്ള ലോക്ക് സംവിധാനമാണ് നിലവിൽ ഉപയോഗിക്കുന്നത്.  ഇതു കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നുണ്ട്.

ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി
നഗര നിരത്തുകളിൽ ഉപേക്ഷിച്ചിരുന്ന 1412 വാഹനങ്ങളിൽ, 918 എണ്ണം ട്രാഫിക് പൊലീസ് നീക്കം ചെയ്തു. 521 ഇരു ചക്രവാഹനങ്ങൾ, 706 ഓട്ടോറിക്ഷകൾ, 79 കാറുകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. 2 മാസത്തിലേറെയായി ഉപേക്ഷിച്ച നിലയിലുള്ള വാഹന ഉടമകൾക്കു നോട്ടിസ് അയച്ചിരുന്നു. 3 തവണ നോട്ടിസ് അയച്ചിട്ടും പ്രതികരണം ലഭിക്കാത്തതോടെയാണ് ഇവ ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. കോടതിയുടെ അനുമതിയോടെ ലേലം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശേഷിക്കുന്ന 494 വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

കാൽനടയാത്രക്കാരുടെ മരണത്തിനും കാരണം
ഇൗ വർഷം ആദ്യ 3 മാസങ്ങളിൽ വാഹനാപകടത്തിൽ മരിച്ച 80 % പേരും കാൽനട യാത്രക്കാരാണ്. മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത പാർക്കിങ്ങും. നടപ്പാതകളിലും റോഡുകളോടു ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തിരക്കുള്ള റോഡുകളിലൂടെ നടക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com