ADVERTISEMENT

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ, സംസ്ഥാനത്തോടു കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ബെംഗളൂരുവിൽ കുടവുമായി പ്രതിഷേധിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മോദിയുടെ പൊതുസമ്മേളനം അവസാനിച്ചതിനു പിന്നാലെ നടന്ന പ്രതിഷേധത്തിൽ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, റിസ്വാൻ അർഷാദ് എംഎൽഎ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

കേന്ദ്ര സർക്കാർ കർണാടകയുടെ വികസനപദ്ധതികൾക്ക് പണം നൽകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒഴിഞ്ഞ കുടങ്ങളുമായി ബെംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിന്  എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നേതൃത്വം നൽകുന്നു.
കേന്ദ്ര സർക്കാർ കർണാടകയുടെ വികസനപദ്ധതികൾക്ക് പണം നൽകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒഴിഞ്ഞ കുടങ്ങളുമായി ബെംഗളൂരുവിൽ നടത്തിയ പ്രതിഷേധത്തിന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നേതൃത്വം നൽകുന്നു.

മോദി സർക്കാർ കർണാടകയോട് കാട്ടുന്ന വഞ്ചനയുടെയും പൊള്ളത്തരത്തിന്റെയും പ്രതീകമായാണ് കുടമേന്തിയുള്ള പ്രതിഷേധം. അധികാരത്തിലേറിയാൽ ഓരോ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നതു ഉൾപ്പെടെ ബിജെപി വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാനാണ് പ്രതിഷേധമെന്നു പ്രവർത്തകർ പറഞ്ഞു.

മന്ത്രിമാർക്ക് മുന്നറിയിപ്പ്; സ്ഥാനാർഥി തോറ്റാൽ കസേര പോകും
ബെംഗളൂരു∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി ആത്മാർഥമായി പരിശ്രമിക്കാത്ത മന്ത്രിമാർക്കു സ്ഥാനം നഷ്ടമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല മുന്നറിയിപ്പ് നൽകി. പ്രചാരണത്തിൽ സജീവമല്ലാത്ത എംഎൽഎമാർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല.

നേതാക്കളുടെയും പ്രവർത്തകരുടെയും പ്രചാരണത്തിലെ പങ്കാളിത്തം നേതൃത്വം കർശനമായി നിരീക്ഷിക്കും. ബൂത്ത് അടിസ്ഥാനത്തിൽ വോട്ട് ഉറപ്പാക്കാൻ പ്രവർത്തകർ പരിശ്രമിക്കണമെന്നും അദ്ദേഹം ശിവമൊഗ്ഗയിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ഒരെണ്ണം മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്.

ഇക്കുറി കുറഞ്ഞത് 20 മണ്ഡലങ്ങളിലെങ്കിലും വിജയിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ഓരോ മണ്ഡലങ്ങളുടെയും ചുമതല മന്ത്രിമാർക്കു നൽകിയാണ് പ്രചാരണം പുരോഗമിക്കുന്നത്.

ക്ഷേമപദ്ധതി പരാമർശം: വിജയേന്ദ്രയ്ക്കെതിരെ പരാതി
ബെംഗളൂരു∙ ക്ഷേമ പദ്ധതികൾക്കെതിരായ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രയ്ക്ക് എതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ക്ഷേമപദ്ധതികൾ കാരണം സംസ്ഥാന സർക്കാർ കടകെണിയിലായതായി മണ്ഡ്യയിലെ പ്രചാരണ റാലിയിൽ വിജയേന്ദ്ര പറഞ്ഞിരുന്നു. ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തില്ലെങ്കിൽ ക്ഷേമപദ്ധതികൾ നിർത്തലാക്കുമെന്നു വിജയേന്ദ്ര വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. 

സ്ത്രീവിരുദ്ധ പ്രസ്താവന കുമാരസ്വാമിക്കെതിരായ വനിത കമ്മിഷൻ നോട്ടിസിന് സ്റ്റേ
ബെംഗളൂരു∙ സിദ്ധരാമയ്യ സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ വഴിതെറ്റിക്കുന്നെന്ന പ്രസ്താവനയിൽ മണ്ഡ്യയിലെ ജനതാദൾ എസ് സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ വനിത കമ്മിഷൻ നൽകിയ നോട്ടിസ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കമ്മിഷൻ ചെയർപഴ്സൻ നാഗലക്ഷ്മി ചൗധരിയുടെ നോട്ടിസിനു നിയമ സാധുതയില്ലെന്നു കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കേസിൽ നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിട്ടു. കോൺഗ്രസ് ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതോടെ ഗ്രാമങ്ങളിലെ സ്ത്രീകളിൽ ചിലർ വഴിതെറ്റിയെന്ന പ്രസ്താവന വിവാദമായതോടെ കുമാരസ്വാമി മാപ്പു ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ തിരിച്ചെത്തും:  ഈശ്വരപ്പ
ബെംഗളൂരു∙ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയിൽ തിരികെയെത്തുമെന്ന് ശിവമൊഗ്ഗയിലെ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എസ്. ഈശ്വരപ്പ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്നു രാജിവച്ചിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകും. മണ്ഡലത്തിലെ ബിജെപി, ബജ്‌റങ്ദൾ പ്രവർത്തകർ തനിക്കു നൽകുന്ന പിന്തുണയിൽ അസ്വസ്ഥരായ ചില ബിജെപി നേതാക്കൾ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായും ഈശ്വരപ്പ പറഞ്ഞു. മകനു സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർഥിയായത്. ഈശ്വരപ്പയ്ക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവൻഷൻ
ബെംഗളൂരു∙ യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവൻഷൻ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. വടകര, കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ ഷാഫി പറമ്പിൽ, കെ.സുധാകരൻ എന്നിവരുടെ പ്രചാരണത്തിന് കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. 

വോട്ടെടുപ്പ് ദിവസം പരമാവധി വോട്ടർമാരെ മണ്ഡലങ്ങളിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകി.  യുഡിഎഫ് കർണാടക ചെയർമാൻ അഡ്വ.സത്യൻ പുത്തൂർ, കൺവീനർ എം.കെ.നൗഷാദ്, കെപിസിസി ന്യൂനപക്ഷ വിഭാഗം ജനറൽ സെക്രട്ടറി മുനീർ, അഡ്വ.പ്രമോദ് നമ്പ്യാർ, ശംസുദ്ദീൻ കൂടാളി, എം.കെ.റസാഖ്, സിറാജ്, ബഷീർ മുനീർ, റഹീം ചാവശേരി, ഡോ.നകുൽ   എന്നിവർ പ്രസംഗിച്ചു. 

രാജ്യമെമ്പാടും ഇന്ത്യ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്. മോദി തരംഗമില്ല. എന്നാൽ ശക്തമായ കേന്ദ്ര സർക്കാർ വിരുദ്ധ വികാരമുണ്ട്. എന്നിട്ടും മോദിയുടെ പേരിൽ വോട്ടു തേടുന്ന ബിജെപിക്കു ശക്തമായ തിരിച്ചടി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com