ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ നാശത്തിന്റെ വക്കിൽ കിടക്കുന്ന 3 തടാകങ്ങൾ നവീകരിക്കുന്ന പദ്ധതി അവസാനഘട്ടത്തിലെന്ന് ഐപിഎൽ ക്രിക്കറ്റ് ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി). സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി (സിഎസ്ആർ) കഴിഞ്ഞ വർഷം ഒക്ടോബറിൽ ആർസിബി ഇട്ടഗലപുര, സാദേനഹള്ളി, കന്നൂർ തടാകങ്ങളുടെ നവീകരണമാണ് ഏറ്റെടുത്തത്. ആർസിബി ഗോ ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകൾ, റസിഡന്റസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

നഗരത്തിലെ വറ്റിവരണ്ട തടാകം
നഗരത്തിലെ വറ്റിവരണ്ട തടാകം

ഇട്ടഗലപുര, സാദേനഹള്ളി തടാകങ്ങളിൽ നിന്ന് 1.20 ലക്ഷം ടൺ ചെളിയും മണലും നീക്കം ചെയ്താണ് തടാകത്തിന്റെ ആഴം കൂട്ടിയത്. 9 ഏക്കർ വിസ്തൃതിയിൽ പരന്ന് കിടക്കുന്ന തടാകത്തിന് ചുറ്റും സംരക്ഷണ വേലിയും നടപ്പാതകളും സ്ഥാപിച്ചു. ബെംഗളൂരു ജല അതോറിറ്റിയുടെ കാവേരി ജലം ലഭിക്കാത്ത മേഖലകളിലാണ് 3 തടാകങ്ങളും സ്ഥിതി ചെയ്യുന്നത്. ഭൂഗർഭ ജലവിതാനം താഴ്ന്നതോടെ മേഖലയിലെ കുഴൽക്കിണറുകൾ ഉൾപ്പെടെ കഴിഞ്ഞ 5 വർഷമായി വറ്റി വരളുന്നത് പതിവാണ്. 

പുനരുജ്ജീവനം കാത്ത് തടാകങ്ങൾ 
നഗരത്തിന്റെ അശാസ്ത്രീയ വികസനമാണ് തടാകങ്ങളുടെ നാശത്തിന് കാരണമായത്. കോൺക്രീറ്റ് വൽക്കരണം, കയ്യേറ്റം, റോഡ്, മെട്രോ റെയിൽവേ ഉൾപ്പെടെയുള്ള വികസനം വന്നതോടെ തടാകങ്ങളുടെ വിസ്തൃതി അനുദിനം കുറഞ്ഞു. ബെംഗളൂരു നഗരജില്ലയിലെ 837 തടാകങ്ങളിൽ 744 എണ്ണവും കയ്യേറ്റക്കാരുടെ പിടിയിലാണെന്ന് സർക്കാർ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭൂരിപക്ഷം തടാകങ്ങളിലെയും ജലം കുളിക്കാനോ കുടിക്കാനോ കൊള്ളില്ല. എൻവയൺമെന്റൽ മാനേജ്മെന്റ് ആൻഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ തടാകങ്ങളിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള വിശദമായ പദ്ധതി നേരത്തെ ബിബിഎംപിക്ക് സമർപ്പിച്ചിരുന്നു. മാലിന്യം നിറഞ്ഞ് പതഞ്ഞൊഴുകുന്ന തടാകങ്ങളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയ ബെംഗളൂരു കോർപറേഷന് (ബിബിഎംപി) പല തവണ ദേശീയ ഹരിത ട്രൈബ്യൂണൽ രൂക്ഷ വിമർശനവും പിഴയും ഉൾപ്പെടെ വിധിച്ചിരുന്നു. 

തടാക സംരക്ഷണത്തിന് സിഎസ്ആർ ഫണ്ട് 
തടാകങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനും കോടികൾ വേണ്ടിവരുന്ന സാഹചര്യത്തിലാണു കോർപറേറ്റ് കമ്പനികളെ കൂടി പങ്കെടുപ്പിച്ച് തടാക സംരക്ഷണത്തിനുള്ള പദ്ധതിക്ക് 2019ൽ ബിബിഎംപി തുടക്കമിട്ടത്. ബിബിഎംപി നിയന്ത്രണത്തിലുള്ള 205 തടാകങ്ങളുടെ സംരക്ഷണത്തിനു പ്രതിവർഷം 35 കോടി രൂപയാണു ചെലവഴിക്കുന്നത്. കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 38 തടാകങ്ങളാണു കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നവീകരിച്ചത്. തടാകങ്ങളുടെ തുടർ സംരക്ഷണവും കമ്പനികളുടെ ഉത്തരവാദിത്തമാണ്. 

മഴവെള്ളക്കനാൽ ശുചീകരണം 
കാലവർഷത്തിന് മുന്നോടിയായി മഴവെള്ളക്കനാൽ ശുചീകരണം ആരംഭിച്ച് ബിബിഎംപി. 15 ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓടകളുടെ ശുചീകരണവും റോഡുകൾക്കരികിൽ കൂട്ടിയിട്ട മാലിന്യം നീക്കലും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം വേനൽമഴയിൽ പലയിടങ്ങളിലും വെള്ളം പൊങ്ങിയ സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ തന്നെ മുൻകരുതൽ സ്വീകരിക്കുന്നത്. 

ശുദ്ധീകരിച്ച ജലം വിൽപനയ്ക്ക്
കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കുൾപ്പെടെ ശുദ്ധീകരിച്ച മലിനജലത്തിന്റെ വിൽപന ആരംഭിച്ച് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). പ്രതിദിനം 60 ലക്ഷം ലീറ്റർ ജലമാണ് സംസ്കരണ പ്ലാന്റുകളിൽ നിന്ന് ശുദ്ധീകരിച്ച് വിൽപന നടത്തുന്നത്. നേരത്തെ പ്രതിദിനം 60,000 ലീറ്റർ ജലമാണ് വിൽപന നടത്തിയിരുന്നത്. ജലക്ഷാമം രൂക്ഷമായതോടെ കെട്ടിട നിർമാണത്തിനും പാർക്കുകൾ നനയ്ക്കുന്നതിനും ശുദ്ധജലം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com