ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ ഗതാഗത ലംഘനം കണ്ടെത്താൻ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിച്ച ശേഷവും വാഹനങ്ങൾ വൺവേ തെറ്റിച്ച് വരുന്ന സംഭവങ്ങൾ വർധിക്കുന്നു. കാറുകൾ ഉൾപ്പെടെ അമിതവേഗത്തിലാണ് ആറുവരി പ്രധാന പാതയിലേക്ക് തെറ്റായ ദിശയിൽ കയറിവരുന്നത്. 

മുൻപ് പൊലീസിന്റെ സ്പീഡ് റഡാർ പരിശോധനകൾ ഉണ്ടായിരുന്നപ്പോൾ നിയമലംഘനങ്ങൾ കുറഞ്ഞിരുന്നു. പരിശോധന പേരിന് മാത്രമായതോടെ വൺവേ തെറ്റിച്ചുള്ള കുതിച്ചോട്ടവും തുടരുകയാണ്. സർവീസ് റോഡുകളിലൂടെ പോകേണ്ടതിന് പകരമാണ് വാഹനങ്ങൾ പ്രധാന റോഡുകളിൽ എതിർദിശയിൽ സഞ്ചരിക്കുന്നത്. നേരത്തെ കർണാടക ആർടിസി ബസുകളും തെറ്റായ ദിശയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു.  

വിലക്ക് ലംഘിച്ച് ഇരുചക്രവാഹനങ്ങളും
പ്രധാനപാതയിലേക്ക് നിരോധനം ലംഘിച്ച് ഇരുചക്രവാഹനങ്ങൾ  പ്രവേശിക്കുന്നതും അപകടഭീഷണിയാകുന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ക്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സർവീസ് റോഡുകളിലൂടെ മാത്രം പോകാനാണ് അനുമതിയുള്ളത്. ബൈക്കുകളിൽ കൂട്ടമായിപ്പോകുന്ന വിനോദയാത്രാ സംഘങ്ങളും മറ്റുമാണ് നിയമം ലംഘിച്ച് പ്രധാനപാതയിൽ പ്രവേശിക്കുന്നത്.  സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും  കുറവല്ല. 118 കിലോമീറ്റർ ദൂരം വരുന്ന  പാതയിൽ അപകടങ്ങൾ വർധിച്ചതോടെയാണ് ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവരിൽ നിന്ന് 500 രൂപയാണ് പിഴയായി ഈടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com