ADVERTISEMENT

ബെംഗളൂരു ∙ സംസ്ഥാനത്തെ 14 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്. 226 പുരുഷന്മാരും 21 സ്ത്രീകളും ഉൾപ്പെടെ 247 സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന ആദ്യഘട്ടത്തിലെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മനോജ് കുമാർ മീണ പറഞ്ഞു. 32,602 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ മൈസൂരുവിലെയും ബെംഗളൂരു റൂറലിലെയും മുഴുവൻ ബൂത്തുകൾ ഉൾപ്പെടെ 19,701 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് (തത്സമയ വിഡിയോ ചിത്രീകരണം) ഏർപ്പെടുത്തി. 

1,370 ബൂത്തുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. 140 സ്ത്രീസൗഹൃദ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 1.40 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചു. 5,000 തിരഞ്ഞെടുപ്പ് നിരീക്ഷകർ, 50,000 പൊലീസ് ഉദ്യോഗസ്ഥർ, 65 കമ്പനി അർധസൈനിക വിഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഇന്നും നാളെയും കമ്മിഷന്റെ അനുമതിയോടെ മാത്രമേ മാധ്യമങ്ങളിൽ പരസ്യം നൽകാൻ പാടുള്ളൂവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

2.88 കോടി വോട്ടർമാർ
ആദ്യഘട്ട തിരഞ്ഞെടുപ്പിന് 2.88 കോടി വോട്ടർമാരാണുള്ളത്. 1.44 കോടി പുരുഷന്മാരും 1.43 കോടി സ്ത്രീകളും 3,067 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു.

ബൂത്ത് കണ്ടെത്താൻ ആപ് റെഡി
പോളിങ് ബൂത്ത് കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുനാവന (Chunavana) ആപ് സഹായിക്കും. ഇതിനായി വോട്ടിങ് സ്ലിപ്പിന്റെ പിറകുവശത്തുള്ള ക്യുആർ കോഡ് ആപ് ഉപയോഗിച്ചു സ്കാൻ ചെയ്യുകയാണു വേണ്ടത്. ഓരോ ബൂത്തിലെയും തത്സമയ ക്യൂ, പാർക്കിങ് സംവിധാനങ്ങളുടെ ലഭ്യത എന്നിവയും ആപ്പിലൂടെ അറിയാം.

നമ്മ മെട്രോ സർവീസ് നീട്ടി
പോളിങ് ഡ്യൂട്ടിയും മറ്റും കഴിഞ്ഞെത്തുന്നവർക്ക് യാത്രസൗകര്യം ഒരുക്കുന്നതിനായി നമ്മ മെട്രോ 27ന് പുലർച്ചെ 12.35 വരെ സർവീസ് നടത്തും. നാഗസന്ദ്ര, വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിൽ നിന്ന് 26ന് രാത്രി 11.55നാകും അവസാന ട്രെയിൻ പുറപ്പെടുക. ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ നിന്നു രാത്രി 12.35നാണ് അവസാന ട്രെയിൻ യാത്ര തുടങ്ങുക.

189 കേസുകൾ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനു രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും എതിരെ ഇതുവരെ 189 കേസുകൾ റജിസ്റ്റർ ചെയ്തു. 407 കോടി രൂപയുടെ പാരിതോഷികങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

സൗജന്യ യാത്രയുമായി റാപ്പി‍ഡോ
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പോളിങ് ബൂത്തിലെത്താൻ സൗജന്യ ഓട്ടോ, ടാക്സി സൗകര്യമൊരുക്കി വെബ് ടാക്സി കമ്പനിയായ റാപ്പിഡോ. ഇതിനായി "VOTENOW" എന്ന കോഡ‍് ഉപയോഗിക്കണം. ബിബിഎംപി, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയുമായി സഹകരിച്ചാണ് സൗകര്യം നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com